Wed. Dec 18th, 2024
മണർകാട്:

ക്രെയിൻ ഇടിച്ചു ഗൃഹനാഥൻ്റെ ദാരുണാന്ത്യത്തിനു കാരണമായതു വഴിയരികു തെളിച്ചിടാത്തതും വെളിച്ചക്കുറവും. ഇന്നലെ രാത്രി ക്രെയിൻ തലയിൽ കയറിയിറങ്ങി വേങ്കടത്ത് വെളിയത്ത് ജോൺ മാത്യു (കൊച്ചുമോൻ– 60) ആണു മരിച്ചത്. അപ്രതീക്ഷിത അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും തല ചിതറിക്കിടക്കുന്ന മൃതദേഹം കണ്ടു ഞെട്ടി. വാഹനങ്ങൾ ചീറിപ്പായുന്ന ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടം നടന്ന സ്ഥലം വെളിച്ചക്കുറവുള്ള ഭാഗമാണ്.

ഈ ഭാഗത്തു റോ‍ഡിന്റെ ഇരുവശവും പടർപ്പുകൾ നിറഞ്ഞു നിൽക്കുകയുമാണെന്നു നാട്ടുകാർ പറഞ്ഞു. ഇതിനാൽ കാൽനടയാത്രക്കാർ ഒട്ടും സുരക്ഷിതരല്ലാത്ത അവസ്ഥയിലാണ്. റോഡിന് അരികു ചേർന്നു നടന്ന ജോൺ മാത്യുവിനെ വെളിച്ചക്കുറവു മൂലം ക്രെയിൻ ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണമെന്നു കരുതുന്നു.

തറവാട്ടുവീട്ടിൽ കഴിയുന്ന പ്രായമായ മാതാപിതാക്കളായ ആൻഡ്രൂസിനെയും അമ്മിണിയെയും കണ്ട ശേഷം അടുത്തിടെ ഗൃഹപ്രവേശം കഴിഞ്ഞു പുതിയ വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണു ജോൺ മാത്യുവിന് അപകടമുണ്ടായത്. മികച്ച കർഷകൻ കൂടിയായ ജോൺ മാത്യു എല്ലാ ദിവസവും മാതാപിതാക്കളെ സന്ദർശിക്കാനെത്തുമായിരുന്നു.

സംഭവസ്ഥലത്തു തൽക്ഷണം മരിച്ചു കിടന്ന ആളെ പെട്ടെന്നു തിരിച്ചറിയാൻ നാട്ടുകാർക്കു സാധിച്ചില്ല. വിവരമറിഞ്ഞു സ്ഥലത്തു പാഞ്ഞെത്തിയ എസ്ഐ പി എസ്അനീഷ് ജോൺ മാത്യുവിന്റെ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു മകന്റെ നമ്പറിൽ വിളിക്കുകയായിരുന്നു. മകൻ ബെൻ ആൻഡ്രൂസ് ഉടൻ സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ഉടൻ തന്നെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.