Thu. Dec 19th, 2024
മൂലമറ്റം:

ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി മുട്ടം മേഖലയിൽ ഔഷധവനങ്ങൾ ഒരുക്കുന്നു. കേന്ദ്ര ആയുഷ് മിഷനും സംസ്ഥാന ആയുർവേദ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത്‌ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഔഷധവനം പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുട്ടം ജില്ലാ ജയിൽ, പൊലീസ് സ്റ്റേഷൻ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മലങ്കര ടൂറിസം ഹബ്‌, തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി മൂവായിരത്തിൽപ്പരം ഔഷധസസ്യങ്ങളും ഔഷധച്ചെടികളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച് പരിപാലിക്കും.

മുട്ടം പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളാണ് ജോലികൾ ചെയ്യുന്നത്‌. കലക്ടറുടെ നിർദേശപ്രകാരമാണ് ഓരോ സ്ഥാപനങ്ങളിലും ഔഷധ വനം ഒരുക്കുന്നത്.

വളർന്നു വലുതാകാത്ത ഇനങ്ങളിലുള്ള ഔഷധസസ്യങ്ങളും ചെടികളുമാണ് മലങ്കര ഹബ്ബിൽ വച്ചുപിടിപ്പിക്കുക. ഹബ്ബിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിന്റെ പിറകിൽ നടപ്പാതയുടെ വശത്തായി നടുന്നതിനാൽ സഞ്ചാരികൾക്കും തടസ്സമാകില്ലെന്ന്‌ അധികൃതർ വ്യക്തമാക്കി.

മുട്ടം പഞ്ചായത്ത്‌, ഡിടിപിസി, പൊലീസ്, ജയിൽവകുപ്പ്, എംവിഐപി, കൃഷി വകുപ്പ്, ഔഷധി, നാഗാർജുന എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധവനം ഒരുങ്ങുന്നത്. മുട്ടം പഞ്ചായത്ത്‌ പ്രഡിഡന്റ് ഷൈജ ജോമോൻ, ജില്ലാ മെഡിക്കൽ ഓഫീസർ(ആയുർവേദം) ഡോ കെ പി ശുഭ, ജില്ലാ പ്രോജക്ട് മാനേജർ ഡോ കബീർ, നോഡൽ ഓഫീസർ ഡോ റോസ്‌ലിൻ ജോസ്, ഡോ രഹന എന്നിവരുടെ നേതൃത്വത്തിലാണ് ഔഷധവനം പദ്ധതി ഒരുങ്ങുന്നത്.