പന്തളം:
പന്തളത്ത് പ്രവർത്തിക്കുന്ന സി എഫ് എൽ ടി സിയിലേക്ക് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളജ് ഐ ഇ ഇ ഇ സ്റ്റുഡൻറ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അസിസ്റ്റിങ് റോബോട്ട് നിർമിച്ചു നൽകി.
പന്തളം നഗരസഭയിൽ പ്രവർത്തിക്കുന്ന അർച്ചന ആശുപത്രിയിലെ കോവിഡ് സെൻററിൽ കിടപ്പുരോഗികൾക്ക് മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്താതെ എത്തിക്കുന്നതിന് റോബോട്ട് സഹായകമാകും. കൂടാതെ ഡോക്ടർക്ക് നേരിട്ട് സമ്പർക്കം പുലർത്താതെ രോഗികളുമായി തത്സമയ സംഭാഷണം നടത്തുന്നതിനും വിവരങ്ങൾ അന്വേഷിച്ച് നിർദേശങ്ങൾ കൊടുക്കുന്നതിനും സാധിക്കും.
ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടലുകൾ കുറച്ച് അവരുടെ ജോലിഭാരം കുറക്കുന്നതിനും രോഗം പകരുന്നത് തടയുന്നതിനും വേണ്ടി ഐ എ ച്ച്ആർ ഡിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. റോബോ സൈറ്റ് എന്ന നഴ്സിങ് അസിസ്റ്റിങ് റോബോട്ട് പന്തളം സി എഫ് എൽ ടി സിക്ക് കൈമാറുന്നതിൻ്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.