വടശേരിക്കര:
ഇരുളിൻ്റെ മറവിൽ ഭക്ഷ്യ ധാന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചു. വടശേരിക്കര താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിറകിലെ കാട്ടിലിട്ടാണ് ധാന്യങ്ങൾ കത്തിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അരി, കടല, വൻപയർ, ചെറുപയർ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കൂട്ടിയിട്ട ശേഷം ഇന്ധനം ഒഴിച്ചു കത്തിക്കുകയായിരുന്നെന്ന് സമീപവാസികൾ പറയുന്നു.
മഴ പെയ്തപ്പോൾ തീ അണഞ്ഞു. പിന്നീട് പുക ഉയരാൻ തുടങ്ങി. ദുർഗന്ധം വമിച്ചു തുടങ്ങിയപ്പോഴാണ് പലരും ഉറവിടം അന്വേഷിച്ചെത്തിയത്. പാതി കത്തിയ നിലയിൽ ധാന്യങ്ങൾ ഇവിടെ കിടപ്പുണ്ട്.
ഡിടിപിസിയുടെ വടശേരിക്കരയിലെ തീർഥാടക വിശ്രമകേന്ദ്രം ഏറ്റെടുത്താണ് റേഷൻ കാർഡുടമകൾക്ക് സൗജന്യമായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകൾ നിറച്ചിരുന്നത്. സപ്ലൈകോ സൗജന്യ കിറ്റുകൾ വിതരണം ചെയ്തു തുടങ്ങിയപ്പോൾ മുതൽ വടശേരിക്കര പഞ്ചായത്തിലെ കിറ്റുകൾ ഇവിടെയാണ് നിറച്ചിരുന്നത്. ഇതിനിടെ ഭക്ഷ്യയോഗ്യമല്ലാതായ ധാന്യങ്ങളാകാം ഇവിടെയിട്ടു കത്തിച്ചതെന്നു കരുതുന്നു.