അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു.ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാൻ താൽപ്പര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായ് പറഞ്ഞു, കാബൂൾ ഏറ്റെടുത്തതിന് ശേഷം താലിബാന്റെ ഉന്നത ശ്രേണിയിലെ ഒരു അംഗം ഈ വിഷയത്തിൽ സംസാരിക്കുന്നത് ആദ്യമായാണ്.
സാംസ്കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന.
താലിബാന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഏകദേശം 46 മിനിറ്റ് വീഡിയോയിൽ, അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് അടിസ്ഥാനമാക്കി ഒരു ഇസ്ലാമിക് അഡ്മിനിസ്ട്രേഷൻ രൂപീകരിക്കുന്നതിനുള്ള താലിബാൻ പദ്ധതികളെക്കുറിച്ചും സ്റ്റാനക്‌സായ് വിശദമായി സംസാരിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ എന്നിവയുൾപ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള താലിബാൻ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആഗസ്ത് 15 ന് അഷ്റഫ് ഗനി സർക്കാർ തകർന്നതിനു ശേഷം താലിബാൻ കാബൂളിൽ അധികാരം ഏറ്റെടുത്തതിനു ശേഷം, ഗ്രൂപ്പിന്റെ വക്താക്കളായ സുഹൈൽ ഷഹീനും സബിയുല്ല മുജാഹിദും പാകിസ്താൻ മാധ്യമങ്ങളോട് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളെക്കുറിച്ച് സംസാരിച്ചു.
ഇന്ത്യയിലുള്ള അഫ്ഗാൻ പൌരന്മാർക്ക് കേന്ദ്രം വിസ നീട്ടി നൽകി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നൽകിയത്. കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
https://youtu.be/TRoJ0CfhXzc