Fri. Nov 22nd, 2024

തൃശൂർ:

കരിപ്പിടി മത്സ്യത്തിലും  കൃത്രിമ പ്രജനനം വിജയകരം. പീച്ചി ഗവ. ശുദ്ധജല ഫിഷറീസ്‌ ഹാച്ചറിയിൽ നടത്തിയ പരീക്ഷണത്തിലാണ്‌ വളർച്ചാനിരക്ക്‌ കൂടിയ കരിപ്പിടി പ്രജനനം സാധ്യമാക്കിയത്‌. നാടൻ മത്സ്യങ്ങളിൽ വിത്തുൽപ്പാദനം നടത്താറുണ്ടെങ്കിലും അതിജീവനനിരക്ക്‌ കുറവായിരുന്നു.

എന്നാൽ കാർപ്‌ മത്സ്യങ്ങളെപ്പൊലെ തന്നെ കരുപ്പിടിയിലും  (അനാബസ്‌)   പ്രജനനം സാധ്യമാക്കാനായത്‌ ചരിത്രനേട്ടമായി മാറി.
ധാരാളം ഔഷധമൂല്യമുള്ള കരിപ്പിടി കേരളത്തിൽ  ധാരാളംപേർ കൃഷിയിറക്കുന്നുണ്ട്‌.  എന്നാൽ കുഞ്ഞുങ്ങളെ കൊൽക്കത്ത, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ്   എത്തിച്ചിരുന്നത്.

2015 മുതൽ  നാടൻ മത്സ്യങ്ങളായ വരാൽ, കടു, മുഷി, പച്ചിലവെട്ടി, ഇറ്റപച്ചില, പുലൻ എന്നിവയുടെ  പ്രജനം പീച്ചിയിൽ  നടത്താറുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല. ഹോർമോണിക്‌ സിസ്‌റ്റം  വഴി ഉൽപ്പാദിപ്പിച്ചശേഷം പ്രത്യേക പരിചരണം നൽകിയാണ്‌ കരിപ്പിടിയിൽ വിത്തുൽപ്പാദനം വിജയം കണ്ടത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌  4.64 കോടി രൂപ മുതൽമുടക്കിലാണ് ഫിഷറീസ് വകുപ്പ്  പീച്ചിയിൽ കെട്ടിട സമുച്ചയം നിർമിച്ചത്. ഓഫീസ് കെട്ടിടം, ഇൻഡോർ ഹാച്ചറി, ട്രെയിനിങ് ഹാൾ, റിപ്പയറിങ് ടാങ്കുകൾ, മത്സ്യ ടാങ്കുകൾ എന്നിവയെല്ലാം നിർമിച്ചു. ഗിഫ്റ്റ് തിലാപ്പിയ, കരിമീൻ, കുയിൽ എന്നീ മത്സ്യങ്ങളുടെ വിത്തുൽപ്പാദനവും നേഴ്‌സറി പരിപാലനവും വിപണനവും ഇവിടെ നടക്കുന്നുണ്ട്.

2016 ജൂലൈ മുതൽ  മത്സ്യ വിത്തുകൾ വിതരണം തുടങ്ങി. 2016–17ൽ 8.64 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഹാച്ചറിയിൽ ഉൽപ്പാദിപ്പിച്ചതെങ്കിൽ 2020–21 ൽ  ഉൽപാദനം 61 ലക്ഷമായി വർധിച്ചു.  ഈ വർഷം 80 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപ്പാദനവും 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ നേഴ്‌സറി പരിപാലനവും നടത്തി.

തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് മാജാ ജോസിനാണ് ജില്ലാതല നിയന്ത്രണം. തിരുവനന്തപുരം അക്വാകൾച്ചർ ഫിഷറീസ് ഡയറക്ടറേറ്റിലെ ഫിഷറീസ് ഹാച്ചറി കൺസ്ട്രക്ഷൻ സംസ്ഥാന തല ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൺട്രോ, അസി. ഫീഷറീസ്‌  എക്‌സ്‌റ്റൻഷൻ ഓഫീസർ ജോമോൾ സി ബേബി  എന്നിവരുടെ മേൽനോട്ടത്തിലാണ് ഹാച്ചറിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.