മലപ്പുറം:
ജില്ല ഭരണകൂടത്തിൻറെ ആസ്ഥാനമായ കലക്ടറേറ്റിൽ റവന്യൂ ടവർ സ്ഥാപിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനം. ഇതിനു മുമ്പ് എം എല്‍ എമാരുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.നിലവിലെ ഓഫിസ് കെട്ടിടങ്ങളും മന്ത്രി സന്ദര്‍ശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
കലക്ടറേറ്റിലെ കെട്ടിടങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ഓഫിസ് സമുച്ചയം പണിയണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കലക്ടര്‍ കെ ഗോപാലകൃഷ്ണന് ഓഫിസ് സൗകര്യങ്ങളിലെ പരിമിതികള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. ബ്രിട്ടീഷ് സൈന്യത്തിൻറെ ബാരക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് നൂറു വര്‍ഷമായി കലക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് സൈന്യത്തിൻറെ വസ്തുവകകള്‍ കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായപ്പോള്‍ ബാരക്കായി ഉപയോഗിച്ചിരുന്ന കെട്ടിടം വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയായിരുന്നു. നിലവില്‍ ഈ കെട്ടിടത്തില്‍ കലക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ല. രണ്ട് ഹാളുകള്‍ മാത്രമാണ് കെട്ടിട സമുച്ചയത്തിലുള്ളത്.
ഈ സാഹചര്യത്തിലാണ് കലക്ടറേറ്റും മറ്റ് റവന്യൂ, -സര്‍വേ ഓഫിസുകളും വാടക കെട്ടിടത്തിലുള്ള മറ്റ് സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കാൻ യോജിച്ച രീതിയില്‍ റവന്യൂ ടവര്‍ നിർമിക്കാൻ തീരുമാനിച്ചത്.റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപയുടെ എസ്റ്റിമേറ്റ് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. 2014-15 കാലത്ത് കെ ബിജു കലക്ടർ ആയിരുന്ന സമയത്താണ് റവന്യൂ ടവർ പദ്ധതി സംബന്ധിച്ച് ചർച്ചകൾ ഉയർന്നത്.
പിന്നീട് കാര്യമായ നടപടികളൊന്നും നടന്നില്ല. എന്നാൽ, ജാഫർ മലിക് കലക്ടറായിരുന്ന സമയത്ത് പദ്ധതി വീണ്ടും ചർച്ചയായി. അദ്ദേഹം 2019 ഒക്ടോബർ 17ന് റവന്യൂ ടവർ നിർമാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ പ്രത്യേക യോഗവും വിളിച്ചിരുന്നു.