Wed. Jan 22nd, 2025

കുട്ടനാട് ∙

കൈനകരി കോലത്ത് തോട്ടിൽ ഒഴുകിയെത്തിയ പോളക്കൂട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് 2 മണിക്കൂറോളം കുടുങ്ങി. ഇന്നലെ 12.30നു കൈനകരിയിൽ നിന്നു സർവീസ്  തുടങ്ങിയ സി കുട്ടനാട് ബോട്ടാണ് പോളക്കൂട്ടത്തിൽ കയറി കുടുങ്ങിയത്. കൈനകരി കോലത്ത് ജെട്ടിക്കു സമീപത്തായി റോഡ് നിർമാണത്തിന്റെ ഭാഗമായി തോടിന്റെ ഇരുവശങ്ങളിലുമായി മുട്ട് സ്ഥാപിച്ചിരുന്നു.

മുട്ടിന്റെ മധ്യത്തിലൂടെയാണു ബോട്ടുകൾക്ക് സഞ്ചരിക്കാനുള്ള വഴി നൽകിയിരിക്കുന്നത്. കടകൽ പുല്ല് ഉൾപ്പടെയുള്ള പോളക്കൂട്ടം മുട്ടിനു സമീപത്തെ കുറ്റിയിൽ ഉടക്കുകയായിരുന്നു. പോളക്കൂട്ടം മുറിച്ചു നീക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണു ബോട്ട്   കുടുങ്ങിയത്.

കുടുങ്ങിയ ബോട്ട് കയറ്റിവിടാൻ നാട്ടുകാരും ബോട്ടിലെ ജീവനക്കാരും പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആലപ്പുഴയിൽ നിന്നു റെസ്ക്യു ബോട്ട് എത്തിച്ച് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ബോട്ട് പോളക്കൂട്ടത്തിൽ നിന്ന് ഇറക്കാൻ സാധിച്ചത്. പ്രദേശവാസികളായ യാത്രക്കാർ മാത്രമാണു ബോട്ടിലുണ്ടായിരുന്നത്.

ഇവരെ മറ്റു ബോട്ടുകൾ സജ്ജീകരിച്ചു കയറ്റി വിട്ടു.  കുറ്റിയിൽ ഉടക്കിയ പോളക്കൂട്ടം നാട്ടുകാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. സബിച്ചൻ തട്ടുങ്കൽ, തങ്കച്ചൻ മീനപ്പള്ളി, രഘു കാട്ടുപള്ളിച്ചിറ, ഗോപി അരീശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണു പോളക്കൂട്ടം നീക്കം ചെയ്തത്.