Mon. Dec 23rd, 2024
കുമരകം:

ജംക്‌ഷനിലെ വെള്ളക്കെട്ടിൻ്റെ കാര്യം ഇനി ആരോട് പറയാൻ? പലവട്ടം അധികൃതരോടും ജനപ്രതിനിധികളോടും പറഞ്ഞു. ജംക്‌ഷനിലെ വെള്ളക്കെട്ട് ഒന്നു മാറ്റിത്തരാൻ വകുപ്പ് മന്ത്രിയോടു നേരിട്ടു പറയണോ. അതിനായി കാത്തിരിക്കുന്നതു പോലെയാണ് അധികൃതർ.

ഈ ചെറിയ കാര്യത്തിനു മന്ത്രിയെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാൻ പഞ്ചായത്തിനും പൊതുമരാമത്തിനു കഴിയും. പക്ഷേ അവർ അതു ചെയ്യില്ലെന്ന വാശിയിലാണ്. മഴക്കാലത്തു കാൽനടക്കാർക്കും കടക്കാർക്കും ദുരിതമായി മാറുകയാണു വെള്ളക്കെട്ട്.

ജംക്‌ഷനിൽ നിന്നു സമീപത്തെ തോട്ടിലേക്കു ഓട തീർത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതു ചെയ്യാതെ ജനം അനുഭവിക്കട്ടെ എന്ന മട്ടിലാണ് അധികൃതർ. റോഡിന്റെ തെക്കു ഭാഗത്താണു വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഈ ഭാഗത്തു കടകളുമുണ്ട്.

വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ കടയ്ക്ക് അകത്തേക്കു വെള്ളം തെറിച്ചു വീഴും. കാൽനടക്കാർ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിനു നടവിലൂടെ നടന്നു പോകും.

ഈ സമയത്തു വാഹനങ്ങൾ വന്നാൽ കാൽനടക്കാർക്കും അപകടം സംഭവിച്ചേക്കാം. ജംക്‌ഷനിൽ തറയോട് ഇട്ടു കഴിഞ്ഞപ്പോഴാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. തറയോട് ഇട്ട ഭാഗം ഉയർന്നതോടെ വെള്ളം ഒഴുകി പോകാതായി.

തറയോട് ഇട്ടപ്പോൾ തന്നെ കടക്കാർ വെള്ളക്കെട്ട് ഉണ്ടാകുമെന്നു സൂചന നൽകിയെങ്കിലും അതൊന്നും കേൾക്കാതെ പണി പൂർത്തിയാക്കി പോയി. പിന്നീടു പല തവണ ഈ വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

TAGS: