തിരുവനന്തപുരം:
നിയമസഭ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവിന് ജില്ല സെക്രട്ടേറിയറ്റംഗം വി കെ മധുവിൻ്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തിരുവനന്തപുരം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ മധുവിൻ്റെ ഭാഗത്ത് ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കമീഷൻ കണ്ടെത്തി. മധുവിൻ്റെ പേരിൽ നടപടി സ്വീകരിക്കണമോ എന്ന് വെള്ളിയാഴ്ച ചേരുന്ന സി പി എം ജില്ല കമ്മിറ്റി തീരുമാനിക്കും. രാവിലെ പി ബിയംഗം കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് നടപടി സംബന്ധിച്ച നിർദേശം ജില്ല കമ്മിറ്റിയിൽ വെക്കും.
തുടർന്നാകും അന്തിമ തീരുമാനം. ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്നാണ് സൂചന. എന്നാൽ, ജില്ല കമ്മിറ്റിയിൽ നടക്കുന്ന ചർച്ചയാകും നിർണായകം.
അരുവിക്കര മണ്ഡലം കോൺഗ്രസിൽനിന്ന് സി പി എമ്മിലെ ജി സ്റ്റീഫൻ പിടിച്ചെടുത്തെങ്കിലും പാർട്ടി കണക്കുകൂട്ടിയ വോട്ട് ലഭിച്ചില്ലെന്ന ആക്ഷേപമാണ് അന്വേഷിച്ചത്.