Mon. Dec 23rd, 2024
കരിമണ്ണൂർ:

ചിത്രരചനയിൽ തന്റേതായ ശൈലിയിലൂടെ വിസ്മയം തീർക്കുകയാണ്‌ രമ. മൂന്ന്‌ പതിറ്റാണ്ടിനിടയിൽ വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. കൂത്താട്ടുകുളത്തിനു സമീപം മകന്റെ കൂടെ താമസിക്കുന്ന രമയുടെ ജന്മനാട് കരിമണ്ണൂരാണ്.

വളരെ കൊച്ചുനാളിൽ പൂക്കളും ചിത്രശലഭങ്ങളും പക്ഷികളെയും വരച്ചായിരുന്നു തുടക്കം. ചിത്രകല പഠിക്കാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ശാസ്ത്രീയ പഠനമില്ലെങ്കിലും ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് രമയുടെ ബ്രഷിൽതുമ്പിൽ വിരിയുന്നത്.

എട്ടു വർഷമായി കൂത്താട്ടുകുളത്ത് ആർട്ട് പോയിന്റ് എന്ന സ്ഥാപനം നടത്തുകയാണ്‌ ഇവർ. കൂത്താട്ടുകുളം പള്ളിയിലെ ചുവരുകളിൽ കാണുന്ന ചിത്രങ്ങൾ രമയുടെ വിരൽത്തുമ്പിൽ വിരിഞ്ഞവയാണ്‌. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ജനനായകർ, കവികൾ, പുരാണ കഥാപാത്രങ്ങൾ തുടങ്ങിയവയുണ്ട് അവരുടെ ചിത്രശേഖരത്തിൽ.

എട്ട്‌ വർഷം മുമ്പ് ഭർത്താവ് സജീവൻ മരിച്ചു. വേർപാടിന്റെ ദുഃഖം കഥാ രചനയിലേക്ക് തിരിയാനും പ്രേരണയായി. ഇതിനകം നാൽപതോളം കഥകൾ എഴുതി. സിനിമാരംഗത്തും ഒരു കൈ നോക്കി. ഒരു ഹ്രസ്വചിത്രം പുറത്തിറക്കി.

രമ സ്വന്തമായി കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ചിരാത്’ എന്ന സിനിമ പൂർത്തീകരിച്ചു. തൊടുപുഴയിലും മൂലമറ്റത്തും കൂത്താട്ടുകുളത്തുമായി ചിത്രീകരിച്ച സിനിമ അടുത്തമാസത്തോടെ ഒടിടി വഴി റിലീസ് ചെയ്യാനിരിക്കുകയാണ്. ആദ്യമായി സിനിമാരംഗത്ത് കൈവച്ച തനിക്ക്‌ സംവിധായകൻ പി കെ ബിജുവിന്റെ പിന്തുണ വലിയതോതിൽ സഹായിച്ചതായി രമ പറയുന്നു.

സ്വന്തമായി ഒരു നല്ല സിനിമ ചെയ്യണമെന്നും ഇതിനകം എഴുതിക്കൂട്ടിയ കഥകൾ അച്ചടിച്ചു കാണണമെന്നുമാണ് ആഗ്രഹം. മകൻ നിതിന്റെയും മകൾ നീതുവിന്റെയും പിന്തുണ ഈ അമ്മയ്‌ക്ക്‌ കരുത്താകുന്നു.