Mon. Dec 23rd, 2024
കൊല്ലം:

റെയിൽവേ ഭൂപടത്തിൽനിന്ന്‌ മൺറോതുരുത്ത്‌ മായുന്നു. മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ ഇറക്കിയ ഉത്തരവിൽ മൺറോതുരുത്തില്ല. ലോക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ചിരുന്ന കൊല്ലം– ആലപ്പുഴ, കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം മെമു ട്രെയിനുകളുടെ സ്റ്റോപ്പാണ്‌ എടുത്തുകളഞ്ഞത്‌. എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ എന്ന ഓമനപ്പേര്‌ നൽകിയാണ്‌ സ്റ്റോപ്പ്‌ ഇല്ലാതാക്കിയത്‌.

ഇതോടെ ഇവിടെ സ്റ്റോപ്പുള്ളത്‌ ഇന്റർസിറ്റിക്കും പാലരുവിക്കും മാത്രമായി ചുരുങ്ങി. പുലർച്ചെ 3.30നും 4.10നും തുരുത്തിലെത്തിയിരുന്ന ഈ ട്രെയിനുകളെ ആശ്രയിച്ചിരുന്ന നൂറുകണക്കിനു യാത്രക്കാർ ഇതോടെ വഴിയാധാരമായി.

പകൽ 3.30നും 4.10നും തിരികെ എത്തിയിരുന്നു ഈ ട്രെയിനുകൾ യാത്രാക്ലേശം രൂക്ഷമായ മൺറോതുരുത്തിൽനിന്ന്‌ 15 മിനിറ്റുകൊണ്ട്‌ കൊല്ലത്ത്‌ എത്താൻ സഹായകമായിരുന്നു. മലബാറിന്റെ സ്റ്റോപ്പ്‌ എടുത്തുകളഞ്ഞാണ്‌ മൺറോതുരുത്തിനോടുള്ള അവഗണനയ്‌ക്ക്‌ റെയിൽവേ തുടക്കമിട്ടത്‌. പ്ലാറ്റ്‌ഫോമിന്‌ നീളമില്ലെന്നു പറഞ്ഞാണ്‌ സ്റ്റോപ്പ്‌ ഇല്ലാതാക്കിയത്‌.

നാട്ടുകാർ നിരവധി നിവേദനം നൽകിയിട്ടും സമരം നടത്തിയിട്ടും സ്റ്റോപ്പ്‌ പുനഃസ്ഥാപിക്കാൻ കൊടിക്കുന്നിൽ സുരേഷ്‌ എംപിയും ശ്രമിച്ചില്ല. സ്റ്റേഷൻ വികസനം യാഥാർഥ്യമാക്കണമെന്ന നാടിന്റെ ആവശ്യത്തിനോടും മുഖംതിരിച്ച എംപിയുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതിഷേധം ശക്തമാണ്‌.