Mon. Dec 23rd, 2024

പാലക്കാട് ∙

റെയിൽവേ ലവൽ ക്രോസുകളിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഗേറ്റുകൾക്കൊപ്പം ഇനി വശങ്ങളിലേക്കു വലിച്ചു നീക്കാവുന്ന സ്ലൈഡിങ് ഗേറ്റുകളും സ്ഥാപിക്കും. ഉയർത്താവുന്ന ഗേറ്റുകൾ കേടു വന്നാൽ പകരം ഉപയോഗിക്കാനാണു സംവിധാനം. ഗേറ്റ് തകരാറിലായി അടയ്ക്കാൻ കഴിയാതെ വന്നാൽ അതു ശരിയാക്കുന്നതു വരെ ട്രെയിൻ പിടിച്ചിടണം.

സ്ലൈഡിങ് ഗേറ്റ് കൂടി സ്ഥാപിക്കുന്നതോടെ ഈ സമയം നഷ്ടം ഒഴിവാക്കാനാകും. ഗേറ്റ് തകരാറിലായാൽ ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽവേ സിഗ്നൽ സംവിധാനത്തിലും തകരാർ സംഭവിക്കും. ഇതോടെ ഗേറ്റ് കീപ്പർ ട്രെയിനിനു സിഗ്നൽ കാണിക്കണം.

പ്രധാന ഗേറ്റിൽ വാഹനമിടിച്ചാൽ പോലും സിഗ്നൽ കിട്ടാത്ത അവസ്ഥയുണ്ടാകും. ഗേറ്റ് തകരാറിലായി തുറക്കാൻ കഴിയാതെ വന്നാൽ ലവൽ ക്രോസിനു ഇരുവശത്തുമുള്ള ഗതാഗതക്കുരുക്കും രൂക്ഷമാകും. സ്ലൈഡിങ് ഗേറ്റുകളിലൂടെ ഈ പ്രശ്നവും പരിഹരിക്കാം.

പാലക്കാട് ഡിവിഷനിലെ എല്ലാ ലവൽ ക്രോസുകളിലും സ്ലൈഡിങ് ഗേറ്റ് സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ഡിവിഷനിലെ 60 ഗേറ്റുകൾ ഇത്തരത്തിലാക്കി മാറ്റും. 2.5 കോടി രൂപയാണു ചെലവ്. ഘട്ടം ഘട്ടമായി എല്ലായിടത്തും സംവിധാനം ഒരുക്കും.