Wed. Jan 22nd, 2025
കുണ്ടറ:

കേരളത്തിലെ ഏറ്റവും ജനകീയമായ ജലോത്സവം എന്നു വിശേഷിപ്പിക്കാവുന്ന കല്ലട ജലോത്സവത്തിൽ മാറ്റുരച്ച ഒൻപത് പ്രാദേശിക ക്ലബ്ബുകൾക്ക് രണ്ടു വർഷമായിട്ടും ബോണസും പ്രൈസ്മണിയും കിട്ടിയില്ലെന്നു പരാതി. 52 വർഷത്തെ പാരമ്പര്യമുള്ള ജലോത്സവത്തിൽ 2019 ലാണ് അവസാനമായി മത്സരങ്ങൾ നടന്നത്.

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. 9 ചുണ്ടൻ വള്ളങ്ങൾ മാത്രമാണ് മത്സര രംഗത്ത് എത്തിയത്. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പ്രദേശിക വള്ളങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ബോണസും, പ്രൈസ് മണിയും വാഗ്ദാനം ചെയ്തിരുന്നു.

കിഴക്കേക്കല്ലടയിൽ നിന്നുള്ള ദൃശ്യാഞ്ജലി, എഫ്ബിസി, വേണാട്, ഫീനിക്സ്, ഇന്ത്യൻ വോയിസ്, ഗുരുദേവ, പാർട്ടൻസ്, എംജിഎം, പടിഞ്ഞാറേ കല്ലടയിൽ നിന്നുള്ള അംബേദ്കർ ബോട്ട് ക്ലബ് തുടങ്ങിയ 9 ക്ലബ്ബുകൾ ഇരുട്ടുകുത്തി എ,ബി, വെപ്പ് എ തുടങ്ങിയ വിഭാഗങ്ങളിൽ മാറ്റുരച്ചു. ജില്ലാ കലക്ടർ ചെയർമാനായുള്ള സംഘാടക സമിതിയാണ് നേതൃത്വം നൽകിയത്. സെപ്റ്റംബർ 17ന് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഓഫിസിലേക്കു മാർച്ച് നടത്താനുള്ള തയാറെടുപ്പിലാണ് ബോട്ട് ക്ലബുകൾ.

TAGS: