മൂന്നാർ:
ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി എം എസ് സാബുവിനെയാണ് ഭരണസമിതി ബുധനാഴ്ച സസ്പെൻഡ് ചെയ്തത്.
മതിയായ രേഖകളോ ജാമ്യമോ ഇല്ലാതെ ഇരുപതോളം പേർക്ക് ഒരു കോടിയിലധികം രൂപ വായ്പ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് പ്രസിഡൻറ് അളകർസാമി പറഞ്ഞു. എൽ ഡി എഫ് ഭരിക്കുന്ന ബാങ്കിൽ ഭൂമി വാങ്ങിയതിലും വായ്പ അനുവദിക്കുന്നതിലും വൻ ക്രമക്കേട് നടക്കുന്നതായി ഭരണമുന്നണിയിൽപെട്ട സി പി ഐ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ, ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാടായിരുന്നു പ്രസിഡൻറിന്റെത്. കഴിഞ്ഞ വർഷം ആരോപണം ഉന്നയിച്ച സി പി ഐ അംഗങ്ങളും പിന്നീട് ആക്ഷേപത്തിൽനിന്ന് പിൻവാങ്ങി. എന്നാൽ, സി പി ഐ പ്രാദേശിക ഘടകം വിഷയം മുന്നണിയിൽ ഉന്നയിക്കുകയും സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സൂചന നൽകുകയും ചെയ്തു. ജില്ലയിലെ ഇടതു മുന്നണി ബന്ധം വഷളാകുന്ന തരത്തിലേക്ക് വിവാദം വളർന്നതോടെയാണ് സെക്രട്ടറിെക്കതിരെ ഭരണസമിതി നടപടി എടുത്തത്.
ഭരണസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇരുപതോളം ക്രമക്കേടുകൾ കണ്ടെത്തിയെന്ന് പ്രസിഡൻറ് അളകർസാമി പറഞ്ഞു. പൂർണമായ രേഖകൾ ഇല്ലാതെയാണ് പലർക്കും വായ്പ അനുവദിച്ചത്. 10 ലക്ഷം രൂപ എന്ന പരിധിയും പലർക്കായി ലംഘിച്ചിട്ടുണ്ട്. സെക്രട്ടറിയെ നിലനിർത്തി അന്വേഷണം നടത്തുക ബുദ്ധിമുട്ട് ആയതിനാലാണ് സസ്പെൻഡ് ചെയ്തത്.
കൂടുതൽ അന്വേഷണം നടക്കുമെന്നും സി.പി.ഐ പറഞ്ഞതുകൊണ്ടല്ല നടപടിയെന്നും പ്രസിഡൻറ് അറിയിച്ചു. എന്നാൽ, ഭരണസമിതി നടത്തിയ ക്രമക്കേടുകൾ മറച്ചുപിടിക്കാൻ സെക്രട്ടറിയെ ബലിയാടാക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് അടക്കം പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.