കൽപറ്റ:
നിലവിൽ ഇന്ത്യാ മഹാരാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് വയനാട്. രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാൽ, അധികൃതർക്ക് അങ്ങനെയൊരു ആധിയേയില്ല.
ഇവിടെ കൊവിഡ് വ്യാപനം ഭീതിദമാംവിധം കുതിച്ചുയരുമ്പോഴും അവർക്ക് പരിഭ്രാന്തിയോ ആശങ്കയോ തരിമ്പുമില്ല. ഈ മണ്ണിൽ ജീവിക്കുന്ന പരശ്ശതം പാവങ്ങളെക്കുറിച്ചോ രോഗം ഈ നാടിനെ അത്രമേൽ കടന്നാക്രമിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ച് സമയം കളയാൻ അവർക്ക് നേരമില്ല. പകരം ഈ നാടിൻറെ മുഴുവൻ വാതിലുകളും മലർക്കെ തുറന്നിട്ട് രോഗാതുര കാലത്ത് സഞ്ചാരികളെ മാടിവിളിക്കുന്ന തിരക്കിലാണവർ.
നിയന്ത്രണങ്ങൾ അതീവ കർശനമാക്കേണ്ട സമയത്ത് ടൂറിസം വകുപ്പും ജില്ല ഭരണകൂടവും, അവശേഷിക്കുന്ന സഞ്ചാരകേന്ദ്രങ്ങൾ കൂടി സന്ദർശകർക്കായി തുറന്നിട്ട് പണം വാരാനുള്ള തന്ത്രങ്ങളിലാണ്.കേരളത്തിലെ ഏഴു ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ അവസാന വാരം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് എന്നിവയായിരുന്നു ആ ജില്ലകൾ.
അന്ന് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്തിനു മുകളിലുണ്ടായിരുന്ന ജില്ലകളാണിവ. ഈ ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ കേരളത്തെ അറിയിച്ചിട്ടും വയനാട്ടിൽ ഒരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ അധികൃതർ തയാറായില്ല. ഇപ്പോൾ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ഒന്നാണ് വയനാട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു ദിവസങ്ങളിൽ 20ന് മുകളിലാണ് ടി പി ആർ. ആഗസ്റ്റ് 19 ന് 20.35, 21ന് 22.29, 23ന് 24.15, 24ന് 24.1, 25ന് 22.9 എന്നിങ്ങനെയാണ് വയനാട്ടിലെ ടി പി ആർ നിരക്ക്.ഇത്രമാത്രം ഗുരുതരമായി രോഗം പടർന്നുപിടിക്കുന്നതിനിടയിലും അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നുനൽകാനായിരുന്നു അധികൃതർക്ക് തിടുക്കം.
രോഗം പടരുന്നതിനിടയിലാണ് ഇന്നലെ മുതൽ സൂചിപ്പാറയിലേക്ക് പ്രവേശനം അനുവദിച്ചത്. ചെമ്പ്ര പീക്ക് ഉൾപ്പെടെ ജില്ലയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുകഴിഞ്ഞു. ജില്ലയിലെ രോഗവ്യാപനം കൊവിഡ് കാലത്തെ ഏറ്റവുമയർന്ന ഘട്ടത്തിലെത്തിയ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ പതിനായിരക്കണക്കിന് സന്ദർശകരാണ് ചുരം കയറിയെത്തിയത്.
അരലക്ഷത്തോളം പേർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റെടുത്ത് സന്ദർശനത്തിനെത്തി. ഇതിനിടെ, ടി പി ആർ ഉയർന്നു നിൽക്കുന്ന വയനാടിനെ കണ്ടില്ലെന്ന് നടിച്ച് രോഗികളുടെ എണ്ണത്തിൽ കൂടുതലുള്ള അഞ്ചു ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം സർക്കാറിൻറെ ഭാഗത്തുനിന്നുണ്ടായത്.