Thu. Dec 19th, 2024

ആലപ്പുഴ:

ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന  മൊബിലിറ്റി ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌ സെപ്‌തംബർ ഒന്നിന്‌ തുടങ്ങുമെന്ന്‌ മന്ത്രി ആന്റണി രാജു അറിയിച്ചു. ബുധനാഴ്‌ച കെഎസ്ആർടിസി സ്‌റ്റാൻഡ്‌ സന്ദർശിച്ച ശേഷമാണ്‌ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്‌.  എച്ച്‌ സലാം എംഎൽഎയുടെ അഭ്യർഥന പ്രകാരമായിരുന്നു മന്ത്രിയുടെ സന്ദർശനം.

പൈലിങ് തുടങ്ങുന്നതിന്‌ മുമ്പ്‌  രണ്ട്‌ വർക്ക്‌ഷോപ്പുകൾ പൊളിച്ചുനീക്കേണ്ടതുണ്ട്‌. ഇവയ്‌ക്കിടയിലെ റോഡും അടച്ചശേഷം പുതിയത്‌ തുറക്കും. ഇതുവഴിയാകും തുടർന്ന്‌ ഗതാഗതം.

വഴി സജ്ജമാക്കാൻ മരങ്ങൾ മുറിക്കുന്ന ജോലി വ്യാഴാഴ്‌ച ആരംഭിക്കും. പദ്ധതി പ്രദേശത്തെ സ്വകാര്യ മൊബൈൽ ടവർ മാറ്റിസ്ഥാപിക്കാൻ   ഉടൻ നോട്ടീസ്‌ നൽകും. എംപി ഫണ്ടുപയോഗിച്ച്‌ നിർമിച്ച ജീവനക്കാരുടെ വിശ്രമകേന്ദ്രവും പൊളിച്ചുമാറ്റേണ്ടി വരും.

ആറുവർഷം മാത്രം പഴക്കമുള്ള ഈ കെട്ടിടം പൊളിക്കാൻ കലക്‌ടറുടെ അനുമതി തേടാനും ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി. ടെസ്‌റ്റ്‌ പൈലിങ് ആരംഭിക്കുന്നതോടെ കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പ്, ഗ്യാരേജ് എന്നിവ താൽക്കാലികമായി കലവൂർ വളവനാട്ടേക്ക്  മാറ്റും. ഇവിടവും മന്ത്രി സന്ദർശിച്ചു.

ഒക്‌ടോബർ 20ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു.
ഒന്നാംഘട്ട നിർമാണം നവം. 1ന്‌
നവംബർ ഒന്നിന് ഒന്നാംഘട്ട നിർമാണം തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയാൽ എംഎൽഎ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് നിർമാണ കലണ്ടർ തീരുമാനിക്കും.

129 കോടി ചെലവിൽ 1, 75,000ചതുരശ്ര അടി വിസ്‌തീർണത്തിൽ ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിൽ നിർമിക്കുന്ന മൊബിലിറ്റി ഹബ്‌ വൻ ടൂറിസ്‌റ്റ്‌ ആകർഷണമാകുമെന്നും മന്ത്രി പറഞ്ഞു. 58,000 ചതുരശ്രയടി ബസ് ടെർമിനലാണ്‌‌.

എച്ച് സലാം എംഎൽഎ, നഗരസഭാധ്യക്ഷ സൗമ്യാ രാജ്‌, കൗൺസിലർമാരായ എം ജി സതീദേവി, കെ ബാബു, നിർവഹണ ഏജൻസി ഇൻകലിന്റെ ജനറൽ മാനേജർ എം ജി വിജയകുമാർ, ഡിടിഒ വി അശോക് കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജി പി പ്രദീപ് കുമാർ, എസ്‌റ്റേറ്റ് ഓഫീസർ എം ജി പ്രദീപ് കുമാർ, ഡിപ്പോ എൻജിനിയർ ശ്യാം കൃഷ്‌ണൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.