Wed. Jan 22nd, 2025
നിലമ്പൂർ:

മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവർ നിർമിക്കുക. കിഫ്ബി പദ്ധതിയിലൂടെയാണ്‌ തുക അനുവദിച്ചിട്ടുള്ളത്.

2016–17 സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപം 50.33 സെന്റ്‌ സർക്കാർ ഭൂമിയിൽ നാല് നിലകളിലായി 2820 ചതുരശ്രയടിയിലാണ് കെട്ടിടം. സംസ്ഥാന ഭവന നിർമാണ ബോർഡാണ് കെട്ടിട നിർമാണ ഏജൻസി.

താലൂക്ക് ഓഫീസ്, സർവേ സൂപ്രണ്ട് ഓഫീസ്, പെർഫോമെൻസ് ആൻഡ്‌ ഓഡിറ്റ് ഓഫീസ്, ഭക്ഷ്യസുര​​ക്ഷാ ഓഫീസ്, അസി ഡയറക്ടർ ഓഫ് കോ ഓപറേറ്റീവ് ഓഡിറ്റ്, അസി രജിസ്ട്രാർ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റി, താലൂക്ക് വ്യവസായ ഓഫീസ്, ഐടിഡിപി തയ്യൽ പരിശീലനകേന്ദ്രം, ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി ഓഫീസ് തുടങ്ങി ഒമ്പത് സർക്കാർ ഓഫീസുകളാണ് പദ്ധതി പൂർത്തിയാവുന്നതോടെ ഒരു കുടക്കീഴിൽ വരുന്നത്.