Fri. Nov 22nd, 2024
പേരാമ്പ്ര:

പഞ്ചായത്ത് പതിനാറാം വാർഡിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചേർമല, പാറപ്പുറം, നടുക്കണ്ടി മീത്തൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുന്നത്. രണ്ട് കുടിവെള്ള പദ്ധതികൾ ഈ പ്രദേശത്തുണ്ട്.

പാറപ്പുറം പദ്ധതിയിൽ നിന്ന് പലപ്പോഴും ആവശ്യത്തിന് വെള്ളം കിട്ടാറില്ല. ചേർമല, തൈവച്ച പറമ്പിൽ, കൊല്ലിയിൽ, നെല്ലിയുള്ളതിൽ, നടുക്കണ്ടി മീത്തൽ മേഖലകളിൽ കുടിവെള്ളം നൽകാനുള്ള പദ്ധതിയാണ് നടുക്കണ്ടി മീത്തൽ ചേർമല കുടിവെള്ള പദ്ധതി.ഈ പദ്ധതിയിൽ മലിന ജലമാണ് വിതരണം ചെയ്യുന്നത്.

മലിനജലമായതിനാൽ കുടിക്കാൻ ഉപയോഗിക്കാറില്ല. മറ്റ് ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. 2001-2006 കാലത്ത് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഭരിച്ച സമയത്താണ് ഈ പദ്ധതി നടപ്പാക്കിയത്.

ചേർമലയുടെ താഴെ ഭാഗത്തുള്ള നരിക്കിലാപ്പുഴയുടെ സമീപത്ത് കിണർ നിർമിച്ച് വെള്ളമെടുത്താണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്. കുറേക്കാലം ചേർമലയിലെ കോളനികളിലും നടുക്കണ്ടി മീത്തൽ, കൊല്ലിയിൽ, നെല്ലിയുള്ളതിൽ, തൈവച്ച പറമ്പ് ഭാഗത്തും സുഗമമായി കുടിവെള്ളം നൽകിയിരുന്നു. എന്നാൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നരിക്കിലാപ്പുഴ നവീകരണ പദ്ധതി നടപ്പാക്കിയതോടെ വെള്ളം മലിനമാകുകയും ചെയ്തു.

പദ്ധതി ഇടയ്ക്കു വച്ച് നിർത്തിയതിനാൽ ജലാശയം ചെളി നിറഞ്ഞ് വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമായി. അതോടെ ഈ ജലാശയത്തിൽ നിന്നും വെള്ളമെടുക്കുന്ന കുടിവെള്ള പദ്ധതികളും തകരാറിലായി. ചേർമല കുടിവെള്ള പദ്ധതി ഉപയോഗ രഹിതമായതും ഇങ്ങനെയാണ്.

ഈ പദ്ധതിയിൽ നിന്നു വെള്ളം ലഭിക്കുന്നവർ കൊല്ലങ്ങളായി പരാതിയുമായി രംഗത്തുണ്ടെങ്കിലും കുടിവെള്ളം നൽകാൻ സംവിധാനം ഒരുക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ ജല ജീവൻ പദ്ധതിയിൽ ഈ പ്രദേശത്തെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇപ്പോഴത്തെ ഗ്രാമ പഞ്ചായത്ത് മെംബർ അർജുൻ കറ്റയാട്ട് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, കെ മുരളീധരൻ എംപി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

അതേ സമയം, ജലജീവൻ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ നിലവിലുള്ള ടാങ്കിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതോടൊപ്പം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ ചേർമല കുന്നിൽ ടാങ്ക് നിർമിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ പദ്ധതി ആവിഷ്കരിച്ച് എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി അസി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ടാങ്ക് നിർമിക്കാനുള്ള സ്ഥലം പഞ്ചായത്താണ് നൽകേണ്ടത്. പദ്ധതി നടപ്പാക്കാനുള്ള അനുമതിയും ടാങ്ക് നിർമിക്കാനുള്ള സ്ഥലവും ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും എഎക്സ്ഇ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിൽ ഏഴായിരം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള പ്രവർത്തനമായിരുന്നു ആദ്യഘട്ടം തുടങ്ങിയത്. എന്നാൽ പേരാമ്പ്ര പഞ്ചായത്തിന്റെ ഇടപെടൽ കാരണം ഉയർന്ന പ്രദേശത്തുള്ള രണ്ടായിരം കുടുംബങ്ങൾക്ക് കൂടി കുടിവെള്ളം നൽകാനുള്ള പരിപാടിയുടെ പ്രവർത്തനം തുടങ്ങി എസ്റ്റിമേറ്റ് സർക്കാരിനു നൽകിയിട്ടുണ്ട്. അനുവാദം ലഭിച്ചാൽ ചേർമലയിൽ ടാങ്ക് നിർമിച്ച് എത്രയും പെട്ടെന്ന് കുടിവെള്ളം നൽകാനുള്ള പരിപാടി നടപ്പാക്കും.