മുണ്ടക്കയം:
കാടുകയറി നശിക്കുന്ന കൂട്ടിക്കൽ ഔട്ട്പോസ്റ്റ് കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യം. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ്റെ കീഴിലായിരുന്ന കൂട്ടിക്കൽ ഔട്ട്പോസ്റ്റിൻ്റെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പ് നിലക്കുകയായിരുന്നു. കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട്, കോലാഹലമേട് പ്രദേശങ്ങളിൽ പൊലീസിൻ്റെ സേവനം ലഭിച്ചിരുന്നത് ഈ ഔട്ട്പോസ്റ്റിൽ നിന്നായിരുന്നു. എന്നാൽ, 20 വർഷമായി ഔട്ട്പോസ്റ്റ് പ്രവർത്തനരഹിതമാണ്.
ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് മറ്റേതെങ്കിലും സർക്കാർ ഓഫിസിനായി കെട്ടിടം വിട്ടുനൽകണമെന്ന്ആവശ്യം ഉയരുന്നത്. കൂട്ടിക്കൽ ടൗണിൽനിന്ന് 200 മീറ്റർ ഉള്ളിലേക്ക് മാറി 30 സെൻറ് സ്ഥലത്താണ് കരിങ്കല്ലുകൊണ്ട് നിർമിച്ച ഔട്ട്പോസ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
പൊലീസുകാർക്ക് താമസിക്കാനായി വേറെ രണ്ട് കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇതും കാടുകയറി നശിക്കുകയാണ്. ഈ കെട്ടിടങ്ങൾ ഉപയോഗിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്ന പഞ്ചായത്തിലെ മൃഗാശുപത്രി, ഐ സി ഡി എസ് ഓഫിസ്, ഗ്രാമസേവകൻ്റെ ഓഫിസ് എന്നിവയിലേതെങ്കിലും പൊലീസ് ഔട്ട്പോസ്റ്റിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
1995 മുതൽ മൃഗാശുപത്രി പഞ്ചായത്തിൻ്റെ നേതൃത്വത്തിലെ പറത്താനം ഗ്രാമദീപം വായനശാലയുടെ ഉടമസ്ഥതയിലെ കെട്ടിടത്തിലാണ് മൃഗാശുപത്രി സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് പഞ്ചായത്തിൻ്റെ മറ്റ് ഭാഗങ്ങളിൽനിന്നുള്ളവർക്ക് എത്തിപ്പെടാൻ ഏറെ സഞ്ചരിക്കേണ്ടിവരുന്നു.
ഈ ആശുപത്രി കൂട്ടിക്കൽ ഔട്ട്പോസ്റ്റിൽ ആയാൽ പഞ്ചായത്തിലെ എല്ലാവർക്കും പ്രയോജനമാണ്. മൃഗാശുപത്രിക്ക് ഏറ്റവും അനുയോജ്യമായ പ്രദേശവുമാണ് ഈ മേഖല. ഈ കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെ ഇടത്താവളമായി മാറുകയാണെന്നും പരാതിയുണ്ട്.