Fri. Nov 22nd, 2024
തൃക്കരിപ്പൂർ:

നീലേശ്വരം ബ്ലോക്കിൽ സഞ്ചരിക്കുന്ന ആശുപത്രി, രോഗികളെ തേടി വീട്ടിലെത്താൻ തുടങ്ങിയിട്ട്‌ പത്ത്‌ വർഷം. ഡോക്ടർ പരിശോധിക്കും. മരുന്ന്‌ നൽകും. രോഗികൾക്ക്‌ സാന്ത്വനമേകും.

ആയിരക്കണക്കിനാളുകൾക്കാണ്‌ സഞ്ചരിക്കുന്ന ആശുപത്രി ‘സ്‌നേഹപഥം’ ആശ്വാസം പകർന്നത്‌. നീലേശ്വരം നഗരസഭ, കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ പഞ്ചായത്തിലും സ്നേഹപഥം ആശുപത്രിയെത്തും.മാസത്തിൽ ഒരു തവണ നാട്ടിടവഴിയിൽ എത്തുന്ന വണ്ടി, കൈകാട്ടുന്നവരെയും അവഗണിക്കില്ല.

അവർക്കും ചികിത്സയും മരുന്നും ലഭിക്കും. ടി വി ഗോവിന്ദൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ്‌ നൂതനമായ പദ്ധതി ആരംഭിച്ചത്‌. കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സർവേ നടത്തി, വീട്ടിൽ ചികിത്സ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കി.

ആംബുലൻസിൽ സർവസന്നാഹവുമായി ഡോക്ടർ വീടുകളിലെത്തും.ജനകീയ ഡോക്ടർ ടി വി സുരേന്ദ്രനാണ് പത്ത്‌ വർഷവും വീടുകളിലെത്തി ആശ്വാസം പകരുന്നത്. മുൻ എംപി പി കരുണാകരനാണ്‌ 10 ലക്ഷം ചെലവിൽ വാഹനം അനുവദിച്ചത്.

ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടെയും സഹകരണമാണ്‌ പദ്ധതിയെ ഇത്രയും ജനപ്രീയമാക്കിയത്‌. ടി വി ഗോവിന്ദന്‌ ശേഷം പ്രസിഡന്റുമാരായ വി പി ജാനകി, മാധവൻ മണിയറ എന്നിവരുടെ നേതൃത്വവും സ്‌നേഹപഥത്തിന്‌ കുതിപ്പേകി. ചികിത്സക്ക് വീട്ടിൽ നിന്നും പുറത്ത് പോകേണ്ട. എല്ലാ മാസവും കൃത്യമായ പരിചരണം വീട്ടിലെത്തും.