തരിയോട്:
ശക്തമായ മഴ പെയ്താൽ വീട് ചോർന്നൊലിക്കും. പിന്നാലെ പ്ലാസ്റ്റിക് ഷീറ്റ്വലിച്ചുകെട്ടി ചോർച്ചക്ക് താൽക്കാലിക ശമനം വരുത്തും. മഴയൊന്നു കനത്താൽ, കാറ്റൊന്ന് ആഞ്ഞുവീശിയാൽ കുടുംബത്തിൻറെ നെഞ്ചുരുകും.
വീടു നിലംപൊത്തല്ലേയെന്ന പ്രാർഥനയാകും പിന്നീടങ്ങോട്ട്. വീടിന് എന്തെങ്കിലും സംഭവിച്ചാൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് മക്കളെയുംകൊണ്ട് എങ്ങോട്ടുപോകുമെന്ന ചോദ്യത്തിനു രോഗിയായ സതീശന് ഇനിയും ഉത്തരമില്ല.ഓരോ ദിവസവും പ്രതിസന്ധിയിൽ കഴിയുകയാണ് തരിയോട് പഞ്ചായത്തിലെ നാലാം വാർഡ് കാപ്പുവയൽ വേങ്ങകൊല്ലി പ്രദേശത്ത് താമസിക്കുന്ന സതീശനും രണ്ടു മക്കളും.
വൃക്കരോഗിയാണ് ഇയാൾ. നിലവിൽ ഡയാലിസിസിന് വിധേയനാകുന്നുണ്ട്. രോഗബാധിതനായി ആശുപത്രിയിൽ കിടന്നപ്പോൾ ഭാര്യ ഉപേക്ഷിച്ചുപോയി. രോഗവും കുട്ടികളുടെ പഠനവും മൂലം സാമ്പത്തികമായി ഏറെ തളർന്നു.
നിത്യരോഗിയായതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ല. പലരിൽനിന്നും കടംവാങ്ങിയ പണംകൊണ്ട് തുടങ്ങിയ ചെറിയ ഗുമട്ടിക്കടയാണ് ഇപ്പോൾ കുടുംബത്തിെൻറ ഏക ആശ്രയം. കൊവിഡ് കാലമായതിനാൽ തുച്ഛമായ വരുമാനമാണ് കുടുംബത്തിന് ലഭിക്കുന്നത്.
വീട്ടിലെ ചെലവും ചികിത്സച്ചെലവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ്.മക്കളായ അലൻ, അലീന എന്നിവർ ചേർന്നാണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനവും മുടങ്ങുന്നു.
ആകെയുള്ള എട്ട് സെൻറിൽ അടച്ചുറപ്പില്ലാത്ത ഷെഡിൽ കഴിയുന്ന ഈ കുടുംബം വീടിന് പലതവണ അപേക്ഷിച്ചതാണ്. എന്നാൽ, അധികൃതർ കണ്ണുതുറന്നിട്ടില്ല. ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെയാണ് ഓരോദിവസവും കുടുംബം തള്ളിനീക്കുന്നത്.
അടച്ചുറപ്പുള്ള ഒരു വീട് ഇവരുടെ സ്വപ്നമാണ്. സതീശന് നല്ല ചികിത്സ ലഭിക്കണമെങ്കിൽ സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയേതീരൂ.