Wed. Jan 22nd, 2025
കണ്ണൂർ:

കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹർജിയിൽ പൊലീസിന്‍റെ വാദം.

എന്നാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. വാഹനത്തിന്‍റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.

വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ പരിശോധിച്ച പോലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇതിനായി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.