മുണ്ടക്കയം:
മണിമലയാറിൻ്റെ പുറമ്പോക്ക് അളപ്പിക്കാനുള്ള ഹാരിസൺസിൻ്റെ നീക്കത്തിന് തിരിച്ചടി. പുറമ്പോക്കിലെ താമസക്കാരായ കുടുംബങ്ങളുടെ വലിയ പ്രതിഷേധത്തെ തുടർന്ന് റവന്യൂ അധികൃതർ സർവേ നടപടികൾ താൽക്കാലികമായി നിർത്തി. ഹാരിസണ്‍ മലയാളം കമ്പനിയുടെ റബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് അളക്കാൻ എത്തിയ റവന്യൂ സംഘത്തിനുനേരെയാണ് പ്രതിഷേധമുയർന്നത്.
മണിമലയാര്‍ തീരത്തെ ആറ്റുപുറമ്പോക്ക് അളന്നുതിരിക്കാനുള്ള ഹൈകോടതി ഉത്തരവ് പ്രകാരമാണ് കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം മുറികല്ലുംപുറം ഭാഗത്ത് എത്തിയത്.
ഹൈകോടതി ഉത്തരവ് മറയാക്കി റവന്യൂ അധികൃതർ ഹാരിസൺസിനുവേണ്ടി തങ്ങളെ കുടിയിറക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ഇവിടുത്തെ താമസക്കാർ രംഗത്ത് വന്നതോടെ ഭൂമി അളക്കുന്നത് വലിയ വിവാദമായി മാറിയിരുന്നു. കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ സാവകാശം നൽകണമെന്നും ഹാരിസൺസിൻ്റെ ഭൂമി അളക്കാതെ പുറമ്പോക്ക് നിർണയിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇവിടുത്തെ താമസക്കാർ നിലപാടെടുത്തിരുന്നു.
സംഘം എത്തുന്നതിനുമുമ്പുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഭൂസംരക്ഷണ സമിതി നേതാക്കളുടെയും നേതൃത്വത്തില്‍ ആറ്റോരം ഭാഗത്തെ താമസക്കാരായ 53 കുടുംബം റവന്യൂസംഘത്തിന് ഗോബാക്ക് വിളിച്ച് എത്തിയിരുന്നു. മുണ്ടക്കയം പൊലീസ് ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാറിൻ്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. പ്രതിഷേധം ശക്തമായതോടെ റവന്യൂ അധികൃതർ സമിതി നേതാക്കളുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ഭൂമി അളന്നുതിരിക്കുന്നത് താമസക്കാരായ തങ്ങളെ അറിയിച്ചിട്ടില്ലെന്നും കോടതി ഉത്തരവിൻ്റെ ലംഘനമാണിതെന്നും സമരക്കാര്‍ ആരോപിച്ചു. ഏക്കർ കണക്കിന് മിച്ചഭൂമി കൈവശം വെച്ചിരിക്കുന്ന ഹാരിസണിലെ ഭൂമിയാണ് ആദ്യം അളക്കേണ്ടതെന്നും ഇവര്‍ വാദിച്ചു. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തിനെ അറിയിച്ചതാണെന്നും താമസക്കാരെ അവരാണ് അറിയിക്കേണ്ടതെന്നും റവന്യൂസംഘം വാദിച്ചെങ്കിലും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റി.
ഒരു മണിക്കൂറിലധികം ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നതോടെ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും അഡ്വക്കറ്റ് ജനറലിൻ്റെ നിയമോപദേശം തേടാനും തീരുമാനിച്ചശേഷം റവന്യൂസംഘം പിന്‍വാങ്ങുകയായിരുന്നു. റവന്യൂസംഘവും പൊലീസും പിന്‍വാങ്ങിയെങ്കിലും സമരക്കാര്‍ പന്തലില്‍ പ്രതിഷേധം തുടര്‍ന്നു.