കണ്ണൂർ:
ജില്ലയില്‍ ജലപാത പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ടില്‍ സഞ്ചരിക്കാന്‍ കഴിയുംവിധത്തിലുള്ള ജലപാത പദ്ധതി ടൂറിസം മേഖലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ജലപാതയുടെ ഭാഗമായി നിര്‍മിക്കുന്ന കൃത്രിമ കനാലുകള്‍ക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കണം. പുനരധിവാസത്തിനുള്ള ഭൂമി ആദ്യം കണ്ടെത്തി ഏറ്റെടുക്കണം. ഇതിലെ തടസ്സങ്ങള്‍ നീക്കാന്‍ എം എൽ എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തണം.
എരഞ്ഞോളി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ കനാൽ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കുന്നതിന് എം എൽ എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സമ്പൂര്‍ണ സാക്ഷരത പോലെ പ്രധാനമാണ് ജല ജീവന് മിഷന് പ്രവര്‍ത്തനങ്ങള്‍. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്നത് പ്രധാനമാണ്.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ വഴിവെക്കും. ജില്ലയില്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കാത്ത ഏതാനും പഞ്ചായത്തുകള്‍ അതിനുള്ള നടപടി സ്വീകരിക്കണം.
സിറ്റി റോഡ് നവീകരണ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ റോഡുകളുടെ വികസന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്കി.പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 14 റോഡുകളില്‍ ഒമ്പത് എണ്ണത്തിൻറെ പ്രവൃത്തി നവംബറിലും ബാക്കിയുള്ളവ ജനുവരിയിലും പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്കി.തലശ്ശേരി -കളറോഡ്, കളറോഡ് -വളവുപാറ കെ എസ്ടി പി റോഡുകളുടെ ഭാഗമായുള്ള എരഞ്ഞോളി പാലം, കൂട്ടുപുഴ പാലം എന്നിവയുടെ നിര്‍മാണം, മട്ടന്നൂര്‍ ജങ്ഷന് വിപുലീകരണം എന്നിവ വേഗത്തിലാക്കണം.
ഉരുവച്ചാല്‍ -മണക്കായി റോഡിൻറെ ഡിസൈന്‍ തയാറാക്കുന്ന കാര്യത്തില്‍ സത്വര ഇടപെടല്‍ നടത്തണം.ജില്ലയില്‍ വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമായി പ്രധാന പാതയോരങ്ങളില്‍ 110 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇതില്‍ ഡി പി സിയുടെ അനുമതി ലഭിച്ച 73 എണ്ണത്തില്‍ 10 എണ്ണം പൂര്‍ത്തിയായി.
40 എണ്ണം ഒക്ടോബറോടെ പൂര്‍ത്തിയാവും. സ്ഥലവുമായി ബന്ധപ്പെട്ട് തടസ്സങ്ങളുള്ള ഇടങ്ങളില്‍ പകരം സ്ഥലം കണ്ടെത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. യോഗത്തില്‍ മന്ത്രി എം വി ഗോവിന്ദന്, എം എൽ എമാരായ കെ കെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ടി ഐ മധുസൂദനന്, കെ പി മോഹനന്, അഡ്വ സണ്ണി ജോസഫ്, എ എന്‍ ഷംസീര്‍, കെ വി സുമേഷ്, എം വിജിന്, അഡ്വ സജീവ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.