Mon. Dec 23rd, 2024
മറയൂർ:

കോവിഡ്‌ ഇളവുകൾ പ്രഖ്യാപിച്ചതോടെ ചെറിയ ഉണർവുണ്ടെങ്കിലും പ്രതിസന്ധികൾ വിട്ടൊഴിയാതെ അഞ്ചുനാട്‌ വിനോദസഞ്ചാര മേഖല. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എത്തിയവർ അധികവും തങ്ങാതെ മടങ്ങുകയായിരുന്നു. സഞ്ചാരികൾ താമസിക്കുമെന്ന പ്രതീക്ഷയിൽ കോവിഡ് കാലത്തിനുമുമ്പേ ഹോട്ടലുകളും റിസോർട്ടുകളും മോടിപിടിപ്പിച്ചിരുന്നു.

കടക്കെണിയിലായവർ നിരവധിയാണ്. ഇവരിൽ ഭൂരിഭാഗം പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും.
മറയൂർ, കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ ഭൂരിഭാഗവും പാട്ടവ്യവസ്ഥയിൽ ലക്ഷക്കണക്കിന് രൂപ മുൻകൂർ നൽകി പ്രവർത്തിക്കുകയാണ്‌. ഉടമകളിൽ അധികവും വിദേശത്ത്‌ ജോലി ചെയ്യുന്നവരോ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരോ ആണ്.

എന്നാൽ, പാട്ടത്തിന്‌ എടുത്തിരിക്കുന്നവർ പ്രദേശവാസികളും. അടച്ചിടുമ്പോൾ വൈദ്യുതി ചാർജ്‌, തദ്ദേശ സ്ഥാപനങ്ങളിലെ നികുതി, സ്ഥിരം ജീവനക്കാരുടെ വേതനം, ‌അറ്റകുറ്റപ്പണികൾ എന്നിവയിലൂടെ നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നു. സ്ഥാപനങ്ങളിൽനിന്ന്‌ വായ്‌പയെടുത്തവർക്ക് തിരിച്ചടയ്‌ക്കാനും കഴിയുന്നില്ല.

ഓണക്കാലത്ത്‌ മുൻകൂർ ബുക്കിങ്ങുകൾ ആരംഭിച്ചെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് 30 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് റിസോർട്ട് ഉടമകൾ പറയുന്നു. ഇക്കാലത്തെ വരുമാനമനുസരിച്ചാണ്‌ പിന്നീടുള്ള പ്രവർത്തനം നടക്കുന്നത്‌. തമിഴ്നാട് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നതും മറ്റൊരു പ്രതിസന്ധിയാണ്‌.

വിനോദസഞ്ചാരികളെ ആശ്രയിച്ച് ജീവിച്ചിരുന്ന ജീപ്പ് സഫാരി, ഗൈഡുകൾ, ചെറുകിട കച്ചവടക്കാർ എല്ലാം ക്ലേശത്തിൽതന്നെ. സഞ്ചാരികളെ ആകർഷിക്കാൻ മുമ്പുള്ള വാടകയുടെ പകുതി മാത്രമാക്കി കാത്തിരിക്കുകയാണ്‌ റിസോർട്ട്‌ നടത്തിപ്പുകാർ. സഞ്ചാരികൾക്ക്‌ കാണാനേറെയുള്ള മേഖലയാണ്‌ അഞ്ചുനാട്‌. ആപ്പിൾ തോട്ടങ്ങളും പഴം, പച്ചക്കറി പാടങ്ങളും സഞ്ചാരികൾക്ക് ആസ്വാദ്യ കാഴ്‌ചയൊരുക്കുന്നു.