Mon. Dec 23rd, 2024

ആലപ്പുഴ:

നിശ്ചലാവസ്ഥയിലായിരുന്ന ജില്ലയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പുതുജീവൻ വയ്‌ക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓണനാളുകളില്‍‌ നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ കായൽസൗന്ദര്യം നുകരാനും പുരവഞ്ചിയിൽ ആഘോഷിക്കാനും ആലപ്പുഴയിലെത്തിയത്‌. ഇതര സംസ്ഥാനത്തുനിന്ന്‌ പേരിനുമാത്രം സഞ്ചാരികളെത്തിയപ്പോൾ തദ്ദേശീയരായിരുന്നു കൂടുതലും.

ഇതിൽ ഏറെപേരും മലബാറുകാര്‍‌. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌  നിരവധി അന്വേഷണങ്ങൾ ലഭിച്ചുതുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. മുമ്പ്‌ ബുക്ക്‌ ചെയ്‌തിരുന്ന പലരും സെപ്തംബർ, ഒക്‌ടോബർ മാസത്തിലേക്ക്‌ ബുക്കിങ് നീട്ടിയിട്ടുണ്ടെന്ന്‌ ഹോട്ടലുടമകളും പറയുന്നു.

പുരവഞ്ചികളിൽ പകുതിയിലധികവും സർവീസ്‌ തുടങ്ങി. ലോക്ക്‌ഡൗണിൽ മറ്റ്‌ തൊഴിൽതേടി പോയ ഹൗസ്‌ബോട്ട്‌ ജീവനക്കാരിൽ നല്ലൊരു ശതമാനവും തിരിച്ചെത്തി. ഓണദിവസം വൻതിരക്ക്‌ അനുഭവപ്പെട്ടെന്ന്‌ ഹൗസ്‌ ബോട്ട്‌ ഉടമകളും പറഞ്ഞു.

തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലെ സഞ്ചാരികളായിരുന്നു മുമ്പ്‌   കൂടുതൽ എത്തിയിരുന്നത്‌. ഇവർക്ക് എത്താനാകാത്തതും കേരളത്തിലെ ഉയർന്ന ടിപിആർ നിരക്കും വെല്ലുവിളിയാകുന്നുണ്ടെന്ന്‌ ടൂറിസം അധികൃതർ പറഞ്ഞു.

സാധാരണ ഈ സമയങ്ങളിൽ വിദേശ വിനോദസഞ്ചാരികള്‍‌ നിറയുന്ന ആലപ്പുഴയിൽ കഴിഞ്ഞ രണ്ടുവർഷമായി സ്ഥിതി മറിച്ചാണ്. വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കും മാത്രമാണ്‌ വിനോദസഞ്ചാരത്തിന്‌ അനുമതി.