Wed. Nov 6th, 2024
കടമ്പനാട്:

ഭരണിക്കാവ്-മുണ്ടക്കയം ദേശീയ പാത പദ്ധതിയുടെ ഭാഗമായ അടൂർ- ശാസ്താംകോട്ട റോഡ് സുരക്ഷിത പാതയാക്കണമെന്ന ആവശ്യം ശത്കമാകുന്നു. അടൂരിനും കടമ്പനാടിനും ഇടയിലുള്ള വളവുകളും കവലകളുമാണ് അപകട മേഖലകൾ. വെള്ളക്കുളങ്ങര, താഴത്തുമൺ, നെല്ലിമുകൾ, കല്ലുകുഴി, കുഴിക്കാല കടമ്പനാട് സ്കൂൾ കവല എന്നിവിടങ്ങളിലെ വളവുകൾ സ്ഥിരം അപകട മേഖലയാണ്. ഇവിടങ്ങളിൽ അപകടം ഒഴിവാക്കാൻ മതിയായ സൂചകവും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

പ്രധാന കവലകളിൽ റോഡിനിരുവശത്ത് ഒരേ ഭാഗത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതും പാതയെ അപകട രഹിതമാക്കും. കടമ്പനാട്, കല്ലുകുഴി, നെല്ലിമുകൾ കവലകളിൽ അപകടം ക്ഷണിച്ചു വരുത്തും വിധമാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ.

ദേശീയ പാത 183 പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തിനു കീഴിലുള്ള റോഡ് ദേശീയ പാത വികസന അതോറിറ്റി ഏറ്റെടുത്തിരുന്നു. കൊല്ലം-ഡിണ്ടിഗൽ ദേശീയ പാതയുടെ ലിങ്ക് റോഡായി വികസിപ്പിക്കുന്ന പാത നിലവിൽ പത്തനംതിട്ട-കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയാണ്.

എംസി റോഡും മറി കടന്നാണ് ദേശീയ പാത കടന്നു പോകുന്നത്. ഭരണിക്കാവ് മുതൽ അടൂർ നെല്ലിമൂട്ടിൽപടി വരെയുള്ള 16 കിലോ മീറ്റർ ഭാഗത്ത് ദേശീയപാത നിലവാരത്തിൽ ടാറിങ് നടത്തി. എന്നാൽ നടപ്പാത, തെരുവു വിളക്കുകൾ, ഗതാഗത സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ, വളവുകളിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടില്ല.

സ്കൂൾ കവലകളിലും മതിയായ സുരക്ഷയില്ല. അപകട രഹിത പാതയ്ക്കായി പൊലീസ് മോട്ടർ വാഹന വകുപ്പിന്റെ നിരന്തര പരിശോധനയുമില്ല.

TAGS: