Mon. Dec 23rd, 2024
തൊടുപുഴ:

ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യം തള്ളൽ വർദ്ധിച്ചു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ചു മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നവരും ഏറെ. പലയിടത്തും ദുർഗന്ധം കൊണ്ടു വഴിനടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വനമേഖല, തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ പെരുമറ്റത്തിനു സമീപവും കുളമാവ് വനമേഖലയിലും, വണ്ണപ്പുറം – ചേലച്ചുവട് റൂട്ടിൽ കമ്പകക്കാനം, വെൺമണി എന്നീ പ്രദേശങ്ങളിലും കോട്ടയം – കുമളി റോഡ്, കട്ടപ്പന – കുട്ടിക്കാനം സംസ്ഥാനപാത, കുമളി – മൂന്നാർ സംസ്ഥാനപാത എന്നിവയുടെ പലഭാഗത്തും മാലിന്യക്കാഴ്ചയുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയില്ലാത്തതു വഴിയോരങ്ങളിലെ മാലിന്യം തള്ളൽ കൂടാൻ കാരണമായി. യാത്രക്കാർ പാഴ്സലായി വാങ്ങുന്ന ഭക്ഷണം, വഴിയോരങ്ങളിൽ വാഹനം നിർത്തി കഴിച്ചശേഷം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമെല്ലാം റോഡരികിൽ തന്നെ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. ഇത്തരത്തിൽ, വനമേഖലകളിൽ തള്ളുന്ന ഡിസ്പോസബിൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കാരിബാഗ് എന്നിവയെല്ലാം വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാകുന്നു.

പിടിച്ചാലും കർശനനടപടി ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. മാലിന്യ സംസ്കരണത്തിനു മതിയായ സംവിധാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലിന്യനീക്കവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. ശുചിത്വപദവി നേടിയ പഞ്ചായത്തുകളിൽ പോലും സ്ഥിതി വ്യത്യസ്തമല്ല.