Mon. Dec 23rd, 2024
തിരുവനന്തപുരം:

ഓൺലൈൻ, ഡിജിറ്റൽ പഠനത്തിലെ വിടവ്​ പരിഹരിക്കാൻ ഉപയോഗിച്ച ലാപ്​ടോപ്പുകൾ നവീകരിച്ച് വിദ്യാർത്ഥികളിലെത്തിക്കുന്ന പദ്ധതിയുമായി സാങ്കേതിക സർവകലാശാല(കെ ടി യു). ജി ടെക്കി​ൻെറ സഹകരണത്തോടെയാണ്​ സർവകലാശാല പദ്ധതി നടപ്പാക്കുന്നത്​. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിച്ച ലാപ്ടോപ്പുകൾ സൗജന്യമായി വിതരണം ചെയ്​തുവരുകയായിരുന്നു ജി ടെക്.

ജി ടെക്കിൽ അംഗത്വമുള്ള കമ്പനികൾ നൽകുന്ന ഉപയോഗിച്ച ലാപ്ടോപ്പുകൾ പൂർണമായി നന്നാക്കിയതിനു ശേഷമാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത്. ​ സംസ്ഥാനത്തെ എൻജിനീയറിങ്​ കോളജുകളിലെ വിദ്യാർത്ഥികളെയും അധ്യാപരെയും ഉൾപ്പെടുത്തി ഉപയോഗിച്ച ലാപ്ടോപ്പുകളുടെ നവീകരണത്തിന് ജി ടെക്കിനെ സഹായിക്കാനാണ് സാങ്കേതിക സർവകലാശാല പദ്ധതിയിടുന്നത്.

പദ്ധതിയുമായി മുന്നോട്ടുപോകാൻ താൽപര്യമുള്ള കോളേജുകളിൽനിന്ന് താൽപര്യപത്രം സമർപ്പിക്കാൻ ഇതിനോടകം സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. നവീകരിച്ച ലാപ്ടോപ്പുകൾ കൊണ്ടുപോകുന്നതും പുതുക്കി നന്നാക്കിയതിനു ശേഷം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തിക്കുന്നതും തെരഞ്ഞെടുത്ത കോളേജുകളുടെ ഉത്തരവാദിത്തമായിരിക്കും.