Sat. Jan 18th, 2025
കൊല്ലം:

വായിക്കാൻ സമയം കിട്ടാറില്ലെന്ന പരാതി ഇനി വേണ്ട. പൊതു സ്ഥലങ്ങളിൽ കാത്തിരിക്കുന്ന സമയം പുസ്തക വായനയ്ക്ക് ഉപയോഗിക്കാം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പുസ്തക വായനയ്ക്ക് സൗകര്യമൊരുക്കി ലൈബ്രറി കൗൺസിൽ സംസ്ഥാനത്തൊട്ടാകെ 500 പുസ്തക കൂടുകൾ തയാറാക്കുന്നു.

എളുപ്പത്തിൽ വായിക്കാവുന്ന പുസ്തകങ്ങളുമായാണ് പുസ്തകകൂട് തയാറാക്കുന്നത്. ലൈബ്രറി കൗൺസിലിനു കീഴിലുള്ള ലൈബ്രറികൾക്കാവും ചുമതല. ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റി പുതിയവ വയ്ക്കും. കോവിഡ് കാലത്ത് ബസുകളിൽ ഇരുന്ന് മാത്രം യാത്ര ചെയ്യാൻ കഴിയുന്നതു കൊണ്ട് ബസ് കിട്ടാതെ കൂടുതൽ സമയം ബസ് സ്റ്റോപ്പിൽ ചെലവഴിക്കേണ്ടി വരും. ഈ സമയം ഉപയോഗപ്പെടുത്തി വായന ശീലം വളർത്തുന്നതിനാണ് പുസ്തക കൂടുകൾ തയാറാക്കുന്നതെന്നു ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

എല്ലാ വീടുകളിലും പുസ്തകങ്ങൾ എത്തിക്കുന്ന പ്രവർത്തനവും ഈ വർഷം ലൈബ്രറി കൗൺസിൽ നടത്തുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ എല്ലാ പഞ്ചായത്തുകളിലും ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചു. കരിയർ ഗൈഡൻസ് ക്ലാസുകളും മലബാർ കലാപത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് 100 പരിപാടികളും നടത്തുന്നു.