Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്കു നൽകിയ വ്യാജ ഡിഗ്രികൾ റദ്ദാക്കുന്നതിനു കേരള സർവകലാശാല ചട്ട നിർമാണത്തിന് ഒരുങ്ങുന്നു. ഇതിനായി 26ന് പ്രത്യേക സെനറ്റ് യോഗം ചേരും. തോറ്റ 23 വിദ്യാർത്ഥികളെ പരീക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മോഡറേഷൻ നൽകി 2019–ൽ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്) പരീക്ഷ വിജയിപ്പിച്ചത് വിവാദമായിരുന്നു.

പരീക്ഷാ വിഭാഗത്തിൽ നിന്നു സ്ഥലം മാറി പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് മാർക്ക്‌ തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നു ഡപ്യൂട്ടി റജിസ്ട്രാറെ സസ്‌പെൻഡു ചെയ്യുകയും സെക്‌ഷൻ ഓഫിസറെ പിരിച്ചുവിടുകയും ചെയ്തു. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപിച്ചുവെങ്കിലും ബന്ധപ്പെട്ട രേഖകൾ സർവകലാശാല കൈമാറിയിട്ടില്ല.

മുൻ മന്ത്രി കെ ടി ജലീൽ എംജി സർവകലാശാലയിൽ അദാലത്തിലൂടെ 123 ബിടെക് വിദ്യാർത്ഥികളെ പാസാക്കാൻ നൽകിയ നിർദേശം വിവാദമായപ്പോൾ ഡിഗ്രി നൽകാനുള്ള തീരുമാനം ഗവർണർക്കു പകരം സർവകലാശാല തന്നെ റദ്ദാക്കിയതു ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ കേരള സർവകലാശാലയിലുളളത്.

2 വർഷം പിന്നിട്ടിട്ടും തെറ്റായി നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്യാനോ ടക്കി വാങ്ങാനോ സർവകലാശാല തയാറായിട്ടില്ല. ഇതു വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചവരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്വഭാവദൂഷ്യത്തിനു ശിക്ഷിക്കപ്പെടുന്നവരുടെ ഡിഗ്രികൾ സെനറ്റിന്റെയും ഗവർണറുടെയും അനുമതിയോടെ പിൻവലിക്കാമെന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്.

വ്യാജമായോ പിഴവു മൂലമോ തയാറാക്കുന്ന ഡിഗ്രികൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ആവശ്യമില്ല. എങ്കിലും ഇത്തരം ഡിഗ്രികൾ പിൻവലിക്കുന്നതിനു പ്രത്യേക വ്യവസ്ഥ ചട്ടങ്ങളിൽ ചേർക്കണമെന്നാണ് സർവകലാശാലയുടെ ഇപ്പോഴത്തെ നിലപാട്. ഇങ്ങനെ കൂട്ടിച്ചേർക്കുന്ന പുതിയ വ്യവസ്ഥകൾ ഗവർണർ ഒപ്പു വയ്ക്കുമ്പോൾ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.

വ്യാജ ഡിഗ്രികൾ സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഈ നിലപാട് സഹായകമായേക്കും. നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാൻ സാധിക്കില്ല. അതേസമയം, തോറ്റ വിദ്യാർത്ഥികൾക്കു നൽകിയ ഡിഗ്രികൾ സാധൂകരിക്കുന്നതിനാണ് 2 വർഷമായിട്ടും റദ്ദാക്കാതെ പുതിയ നിയമവ്യവസ്ഥകൾ കൂട്ടിച്ചേർക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു