കോഴിക്കോട്:
വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന മന്ത്രി പി രാജീവിനെ കാത്തിരിക്കുന്നത് വ്യവസായ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾ. അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കു പുറമേയാണ് കൊവിഡ് പ്രതിസന്ധി. കൊവിഡ് മൂലം ഒട്ടേറെ ചെറുകിട വ്യവസായങ്ങൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളും അതിജീവനത്തിനായി പൊരുതുകയാണ്.
ഇന്നു നഗരത്തിലുള്ള വ്യവസായ മന്ത്രി പി രാജീവ് കോംട്രസ്റ്റ് നെയ്ത്തു കമ്പനി സന്ദർശിക്കും എന്ന പ്രതീക്ഷയിൽ തൊഴിലാളികൾ. കലക്ടറുടെ കോൺഫറൻസ് ഹാളിൽ രാവിലെ മുതൽ ഉച്ച വരെ ഉണ്ടാകുന്ന മന്ത്രി കെഎസ്ഐഡിസി അധികൃതരുമായി ജില്ലയിലെ വ്യവസായ മേഖല സംബന്ധിച്ചു ചർച്ച നടത്തും.ഒരു കാലത്തു കോഴിക്കോടിന്റെ വാണിജ്യ പെരുമ വിദേശങ്ങളിൽ വരെ എത്തിച്ച കോംട്രസ്റ്റ് നെയ്ത്തുശാല ചർച്ചയിൽ വിഷയമാകുമെന്നാണ് പ്രതീക്ഷ.
2009 മുതൽ പൂട്ടിക്കിടക്കുന്ന നെയ്ത്തുശാല സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കരട് ചട്ടം തയാറാക്കിയതായി കഴിഞ്ഞ ദിവസം നിയമസഭയിൽ ഇ കെ വിജയൻ എംഎൽഎയുടെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വിശദവിവരം മന്ത്രി ഫാക്ടറിയിൽ എത്തി തൊഴിലാളികളുമായി പങ്കുവയ്ക്കുമെന്നാണു പ്രതീക്ഷ.
ചെറുവണ്ണൂർ സെയിൽ-സ്റ്റീൽ കോംപ്ലക്സിൽ ഉൽപാദനം നിലച്ചിട്ട് നാലര വർഷമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കമ്പനിക്ക് ആവശ്യത്തിനു പ്രവർത്തന മൂലധനമില്ലാത്തതാണ് അടച്ചിടാൻ കാരണം. ഒരു വർഷമായി തൊഴിലാളികൾക്ക് ശമ്പളമില്ല.
വിരമിച്ച 10 തൊഴിലാളികൾക്ക് പിഎഫ് പെൻഷനും മറ്റു ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ല. 2019 ജൂണിൽ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചു.വ്യവസായ വകുപ്പിന്റെ കീഴിലുള്ള വേളം മണിമലയിലെ നാളികേര പാർക്ക് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
കുറ്റ്യാടി തേങ്ങയ്ക്ക് പേരുകേട്ട ഈ മേഖലയിൽ നാളികേരവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ ഒന്നുമില്ല. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്താണ് മണിമലയിൽ നാളികേര വ്യവസായ പാർക്കിന് 120 ഏക്കർ റബർ തോട്ടം വാങ്ങിയത്. പ്രദേശം ഇപ്പോൾ കാടുമൂടി. കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമായി.