Thu. Dec 19th, 2024

കൊച്ചി:

കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു. ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം എംഡിഎംഎ മാത്രമാണ്.

ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴം പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്.

ഇവരില്‍ നിന്ന് 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. പിന്നീട് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ബാഗില്‍ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാല്‍ ഏതോ ഒരു വഴിപോക്കന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഒരു കിലോ എം‍‍ഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയെന്ന് മഹസറില്‍ ചേര്‍ത്തു.

ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നുമാണ് രേഖകളിലുള്ളത്. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു. ഇതോടെ 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിന് മാത്രമാണ് 5 പേര്‍ക്കെതിരെ കേസ്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ തെളിവുണ്ടായിട്ടും ചോദ്യം പോലും ചെയ്യാതെ വിട്ടയച്ചതായും ആക്ഷേപമുണ്ട്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ സ്ക്വാഡും കസ്റ്റംസ് പ്രി‍വന്‍റീവും ചേര്‍ന്നാണ് ഈ കേസിലെ പ്രതികളെ പിടികൂടിയത്.

സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഹരിമരുന്ന് പിടിച്ചതില്‍ കേസെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍ കേസ് ജില്ലയിലെ എക്സൈസ് എന്‍റഫോഴ്സ്മെ‍ന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് വിഭാഗത്തെ ഏല്‍പിക്കുകയായിരുന്നു.

ഇവര്‍ കേസ് അട്ടിമറിച്ചെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതെ തുടര്‍ന്ന് രഹസ്യാന്വോഷണ വിഭാഗം ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.