Wed. Jan 22nd, 2025

അതിരപ്പിള്ളി ∙

അവിട്ടം ദിനത്തിൽ അതിരപ്പിള്ളി മേഖലയിലെ വിനോദ കേന്ദ്രങ്ങൾ സന്ദർശക തിരക്കിൽ വീർപ്പുമുട്ടി. രാവിലെ മുതൽ സന്ദർശകർ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് കനത്ത തിരക്ക് അനുഭവപ്പെട്ടത്.

ആനമല പാതയിൽ സഞ്ചാരികളുടെ വാഹനങ്ങൾ ചാലക്കുടി മുതൽ തിങ്ങിനിറഞ്ഞു. തിരക്ക് ക്രമാതീതമായി വർധിച്ചതോടെ വനംവകുപ്പ് കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. പ്രവേശന സമയം കഴിഞ്ഞ് എത്തിയവരെ മടക്കിവിട്ടു.

റോഡിന്റെ ഒരുവശത്ത് മാത്രം പാർക്കിങ് ഏർപ്പെടുത്തിയതോടെ അതിരപ്പിള്ളി മുതൽ ഇട്ട്യാനി വരെ വാഹനനിര രൂപപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ സമയ ക്രമീകരണം ഏർപ്പെടുത്തി സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. തുമ്പൂർമുഴി ശലഭോദ്യാനം ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം വിനോദ കേന്ദ്രങ്ങളിലും സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവും ഓണാവധിയും ഒന്നിച്ചെത്തിയതോടെ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്കു സന്ദർശക പ്രവാഹം. ചെക്പോസ്റ്റിൽ എത്തിയ സന്ദർശകരുടെ വാഹന നിര രണ്ട് കിലോമീറ്ററോളം വരെ നീണ്ടു. വഴിയോരങ്ങളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ കാണാനും സന്ദർശക തിരക്കായിരുന്നു.

തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് ഇവിടെ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഒരാഴ്ച മുൻപാണു ചിമ്മിനി ഡാം വന്യജീവി സങ്കേതത്തിലേക്കു പ്രവേശനം അനുവദിച്ചത്.