Wed. Jan 22nd, 2025
കോട്ടയം:

സംസ്ഥാന സർക്കാർ തീരുമാനത്തിനു മുൻപു തന്നെ അപേക്ഷാ ഫോമിൽ നിന്ന് ‘അപേക്ഷ’യെ പടിയിറക്കി വിട്ട് പനച്ചിക്കാട് പഞ്ചായത്ത്. സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനു പകരം താൽപര്യപ്പെടുന്നു എന്ന വാക്ക് ഉപയോഗിക്കാനാണു പഞ്ചായത്ത് തീരുമാനമെടുത്തത്. അപേക്ഷാ ഫോം എന്നതു മാറി ആവശ്യ പത്രിക അല്ലെങ്കിൽ ആവശ്യ ഫോം എന്നും മാറ്റിയിട്ടുണ്ട്.

അപേക്ഷിക്കുക എന്നതിന് യാചിക്കുക എന്ന അർത്ഥമുണ്ട്. ജനങ്ങളുടെ അവകാശങ്ങൾക്കായി അവർ യാചിക്കേണ്ടതില്ല. ഇതാണ് പഞ്ചായത്ത് അധികൃതരെ ഇത്തരത്തിലൊരു ‌മാതൃകയ്ക്കു പ്രേരിപ്പിച്ചത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനാണ് പ്രഖ്യാപനം നടത്തിയത്.

ഈ ഉത്തരവ് കേരളത്തിലെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു ഭരണ ഭാഷ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകിയിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. നിലവിലുള്ള ഫോമുകളിൽ അപേക്ഷിക്കുന്നു എന്ന വാക്ക് ഉണ്ടെന്നും അത് മാറ്റാൻ നിർദേശം നൽകിയെന്നും ആനി മാമ്മൻ പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായ ഈ കാലത്തെങ്കിലും ഇത്തരം പ്രയോഗങ്ങൾക്ക് മാറ്റം വരണമെന്ന ചിന്തയാണ് ഇതിനു പിന്നിലെന്ന് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.