Mon. Dec 23rd, 2024
മലപ്പുറം:

മലപ്പുറത്തെ സൗഹാന്റെ തിരോധാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടങ്ങി. ചോദ്യം ചെയ്യലുകളിലേക്ക് വിശദമായി കടക്കാനും പൊലീസ് തീരുമാനിച്ചു. പ്രദേശത്ത് കാണപ്പെട്ട കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്.ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല.മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്.

എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സൗഹാൻ്റെ ഉമ്മ ഖദീജയും പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കണമെന്നും സൗഹാൻ്റെ കുടുംബം പറഞ്ഞു.

മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷേ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണ വന്നില്ല. ആരെങ്കിലും കൊണ്ടു പോയതാണെന്നാണ് മനസ് പറയുന്നത്- ഖദീജ പറയുന്നു.