പാലക്കാട്:
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട് ഡിസംബറിൽ പൈപ്പിലൂടെ ഗ്യാസ് എത്തും. ഗെയിൽ പൈപ്പ് ലൈൻ ജോലി അതിവേഗം പുരോഗമിക്കുന്നു. വ്യവസായ മേഖലയ്ക്ക് ഗ്യാസ് നൽകാൻ വാളയാർ കനാൽപിരിവിലെ ഗെയില്‍ സ്റ്റേഷൻ സെപ്‌തംബറിൽ പൂർത്തിയാകും.
ഇവിടെനിന്നാണ് വ്യവസായ മേഖലയിലേക്ക് ഗ്യാസ് എത്തിക്കുക.
ജില്ലയിൽ ഗെയിൽ ലൈൻ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കേന്ദ്രസർക്കാരിനു കീഴിലെ പെസോയുടെ (പെട്രോളിയം ആൻഡ് എക്‍സ്‍പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) അന്തിമാനുമതിക്ക് നടപടി തുടങ്ങി.
കൊച്ചി– ബംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനിന്റെ കൊച്ചി- പാലക്കാട് ലൈൻ പരിശോധന പൂർത്തിയാകുന്നു. കൂറ്റനാടുമുതൽ വാളയാർവരെ 94 കിലോമീറ്റർ പൈപ്പ് ലൈന്‍ പൂർത്തിയായി. ഗ്യാസ് നിറച്ച് പരീക്ഷണം നേരത്തേ പൂർത്തിയാക്കി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി കൊച്ചി- പാലക്കാട് ലൈൻ കമീഷൻ ചെയ്യാനാണ് ശ്രമം. കൊച്ചി–കൂറ്റനാട് –മംഗലാപുരം വഴി 444 കിലോമീറ്ററാണ് ഗെയിൽ പൈപ്പ് ലൈനിന്റെ ആകെ ദൂരം. ഏഴ് ജില്ലകളിലൂടെ പദ്ധതി കടന്നുപോകുന്നു.
കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലേക്ക് നേരിട്ട് പ്രകൃതിവാതകം എത്തിച്ചശേഷം പാലക്കാട് നഗരത്തിലെ വീടുകൾക്കും പിന്നീട്ഗ്രാമങ്ങളിലേക്കും പൈപ്പിലൂടെ വാതകം എത്തും. സബ്‌സ്‌റ്റേഷൻ വഴിയാണ് വീടുകളിലേക്കും വാഹനങ്ങളിലേക്കും (ലോക്കൽ കണക്‌ഷൻ) വാതകം എത്തിക്കുക.
ഇന്ത്യൻ ഓയിൽ കോർപറേഷനാണ് നിർമാണച്ചുമതല. അദാനി ഗ്രൂപ്പിനാണ് വിതരണച്ചുമതല. പ്രകൃതിവാതകം കമ്പനികളിലും വീടുകളിലും എത്തിക്കാൻ ജില്ലയിൽ അഞ്ചിടങ്ങളിൽ സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്.
വാണിയംകുളം, ലെക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശേരി എന്നിവിടങ്ങളിലാണ് സ്റ്റേഷൻ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയശേഷം യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി യാഥാർഥ്യമാക്കി. എൽഡിഎഫ് സർക്കാർ 392 കിലോമീറ്ററിൽ പൈപ്പിട്ടു. കോയമ്പത്തൂരിലേക്കും പൈപ്പിടൽ പുരോഗമിക്കുന്നു.