Sun. Dec 22nd, 2024

ചോറ്റാനിക്കര:

ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ വയോധികന് ചികിത്സ നിഷേധിച്ചതായി ആരോപണം. ഉത്രാട ദിവസം ഉച്ചയ്ക്ക് 12 മണിയോടെ തലയ്ക്ക് മുറിവേറ്റ് ചികിത്സ തേടിയെത്തിയ മൂവാറ്റുപുഴ സ്വദേശി ഇടയതേരിൽ കരുണാകരൻ (65) എന്നയാൾക്ക്​ യഥാസമയം ചികിത്സ ലഭിച്ചില്ലെന്നാണ്​ ആക്ഷേപം.

ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ഇയാൾ ആശുപത്രി വളപ്പിൽ കുഴഞ്ഞ് വീണത് ആരും അറിഞ്ഞില്ല. രാത്രി ഒൻപതോടെ ആശുപത്രിയിലെത്തിയ മറ്റൊരാൾ ആശുപത്രി വളപ്പിൽ ഒരാൾ ബോധമില്ലാതെ കിടക്കുന്നത് കണ്ട് ആശുപത്രി ജീവനക്കാരെ അറിയിച്ചെങ്കിലും അയാളെ നോക്കുവാനോ ചികിത്സ കൊടുക്കുവാനോ അധികൃതർ തയ്യാറായില്ല.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ്​ പോലീസിനെ അറിയിച്ചു. പിന്നീട്​, ഇയാളെ ആശുപത്രി അധികൃതർ പരിശോധിക്കുകയും ഷുഗർ നില താഴ്ന്ന് പോയതായി കണ്ടെത്തി ചികിത്സ നൽകുകയും ചെയ്തു.

ബോധം തിരിച്ചു കിട്ടിയ അദ്ദേഹത്തെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മുളന്തുരുത്തി ഗവൺമെന്റ് ആശുപത്രിയിലേയ്ക്കും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കും മാറ്റി.

രോഗിക്ക്​ ടാറ്റ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ്​ അടക്കമുള്ളവർ പ്രതിഷേധിച്ചു. എന്നാൽ ചികിത്സ നൽകിയിരുന്നുവെന്നും അയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.