കോട്ടയം:
കലക്ടറേറ്റിലെ പാർക്കിങ് ഗ്രൗണ്ടിൽ ഓടാത്ത വണ്ടികൾക്ക് ഇഷ്ടം പോലെ സ്ഥലമുണ്ട്. അതേ സമയം ഓടുന്ന വണ്ടികളിൽ ഒരു ഭാഗമെന്നും ഗ്രൗണ്ടിനു പുറത്താണ്. പുറത്ത് റോഡരികിൽ പാർക്ക് ചെയ്താൽ പൊലീസ് പിഴ ചുമത്തും.
പാർക്കിങ്ങിന് പരിമിതമായ സൗകര്യമാണ് കലക്ടറേറ്റിലുള്ളത് വിവിധ വകുപ്പുകളുടെ കട്ടപ്പുറത്തായ വാഹനങ്ങൾ ഇവിടെ കാലങ്ങളായി കിടക്കുന്നു. വാഹനത്തിൽ കലക്ടറേറ്റിൽ വന്നാൽ കുടുങ്ങി. കോവിഡ് കാലമായതോടെ കൂടുതൽ ജീവനക്കാരും സ്വന്തം വാഹനങ്ങളിലാണ് വരുന്നത്.
വാഹനം പുറത്തു നിർത്തിയിട്ടു സ്ഥാപനത്തിലേക്കു ജോലിക്ക് വരണ്ട അവസ്ഥയാണ് മിക്ക ജീവനക്കാർക്കും. മോട്ടർ വാഹന വകുപ്പ് പിടികൂടിയ പല വാഹനങ്ങളും ഇവിടെ തുരുമ്പെടുത്തു നശിക്കുന്നു. നടപടി പൂർത്തിയാകാത്തതാണു വാഹനം മാറ്റാൻ തടസ്സം.
കാലാവധി അവസാനിച്ച സർക്കാർ വാഹനങ്ങളും ഇവിടെ ഉപേക്ഷിച്ചു. അശാസ്ത്രീയ പാർക്കിങ് സംവിധാനമാണ് മറ്റൊരു പ്രശ്നം. വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ വാഹനങ്ങൾ, സന്ദർശക വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ എന്നിവയ്ക്ക് പ്രത്യേകമായി പാർക്കിങ് സ്ഥലം നിശ്ചയിക്കണം. കലക്ടറേറ്റിലെ സർക്കാർ വക വാഹനങ്ങൾ, ജീവനക്കാരുടെ വാഹനങ്ങൾ എന്നിവയ്ക്ക് പ്രത്യേക സ്റ്റിക്കർ നൽകണം.