Wed. Jan 22nd, 2025
മലയിൻകീഴ്:

നിയമത്തിൻ്റെ പേരിൽ ഫയലിൽ കുരുങ്ങി കിടന്ന സാജൻ്റെ പ്രതീക്ഷകൾക്ക് അനക്കം വച്ചു. വിളവൂർക്കൽ പഞ്ചായത്തിനോട് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. വൃക്കകൾ തകരാറിലായ വിളവൂർക്കൽ പെരുകാവ് പുതുവീട്ടുമേല ദിവ്യാസദനത്തിൽ സാജൻ പ്രഭാകരൻ (40) സ്വയം തൊഴിൽ കണ്ടെത്തുന്നതിനാണു 4 വർഷം മുൻപ് വാഹന സർവീസ് സ്റ്റേഷൻ തുടങ്ങാൻ ശ്രമിച്ചത്. എന്നാൽ പഞ്ചായത്ത് ഇടപെടലിൽ പദ്ധതി പാതിവഴിയിൽ മുടങ്ങി. സാജൻ കാൽക്കോടി രൂപയുടെ കടക്കാരനും ഗുരുതരാവസ്ഥയിലുള്ള രോഗിയാകുകയും ചെയ്തു.

സംഘം ഇന്നലെ സാജന്റെ വീടും സമീപത്തെ സർവീസ് സ്റ്റേഷനുവേണ്ടിയുള്ള നിർമാണവും പരിശോധിച്ചു. സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചത് അറിയിച്ചില്ല, റോഡിൽ നിന്ന് കൃത്യമായ ദൂരപരിധി പാലിച്ചില്ല എന്നീ കാരണങ്ങളാൽ പെർമിറ്റ് നൽകാനാവില്ലെന്ന പഴയ നിലപാടിൽ സംഘം ഉറച്ചു നിൽക്കുകയാണ്. ഇവർ പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ റിപ്പോർട്ട് പിന്നാലെ സമർപ്പിക്കുമെന്നും അറിയിച്ചു.

അതേസമയം, അടുത്തിടെ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഇളവുകൾ വരുത്താമെന്നും ഉടമയെ സ്ഥിരം ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ രോഗിയായ സാജൻ കാര്യത്തിൽ അതു നടപ്പായില്ലെന്നു പറയുന്നു.

‘റോഡിന് നിന്ന് 4 മീറ്ററോളം മാറിയാണ് സർവീസ് സ്റ്റേഷന്റെ നിർമാണ തുടക്കം. അത് റോഡിന് സമാന്തരമായാണ്. ബാക്കി ഭാഗം താൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ചാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. വാഹന പാർക്കിങ്ങിനു പ്രത്യേക സ്ഥലവും ഒരുക്കുന്നുണ്ട്.

സമീപവാസികൾക്ക് ഉൾപ്പെടെ ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ സർക്കാർ പറയുന്ന നിയമങ്ങൾ പാലിച്ചു സംരംഭം തുടങ്ങാനാണ് ശ്രമിച്ചത്. എന്നാൽ ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന:പൂർവം പെർമിറ്റ് നൽകില്ലെന്ന നിലപാടിലാണ്’. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടെന്നും സാജൻ ഓർക്കുന്നു.