Fri. Nov 22nd, 2024
തിരുവനന്തപുരം:

ഓരോ മലയാളിക്കും സംഗീതസാന്ദ്രമായ പൊന്നോണസദ്യ ഒരുക്കി ജനമൈത്രി പൊലീസ്. മനോഹരമായ ഓണക്കാഴ്ചകൾക്കൊപ്പം ചിത്രീകരിച്ച “നല്ലോണം പൊന്നോണം’ പരിപാടി ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിൽ റിലീസ് ചെയ്ത പരിപാടി ആദ്യ മണിക്കൂറിൽത്തന്നെ ആയിരങ്ങൾ കണ്ടു.

എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഓർക്കസ്ട്ര ടീം. മഹാമാരിയുടെ ആശങ്കകൾക്കിടയിൽ കോവിഡ് മാനദണ്ഡങ്ങൾ കഴിയുന്നത്ര പാലിച്ച് വീട്ടിലാഘോഷിക്കാൻ ആഹ്വാനം ചെയ്യുന്നു ഈ സംഗീതവിരുന്നിലൂടെ. വിവിധ രാഗങ്ങളിലെ സിനിമാഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ രാഗമാലിക എന്ന ആദ്യഭാഗം വ്യത്യസ്ത സംഗീത അനുഭവമായി.

ജനമൈത്രി പൊലീസ് ഡയറക്ടറേറ്റ് രചനയും സംവിധാനവും നിർവഹിച്ച “ചിങ്ങമായി അത്തമായി” എന്ന പാട്ടും കാതിനിമ്പമേകുന്നതുതന്നെ. ഉത്രാടപ്പൂനിലാവേ, പൊന്നോണം വന്നു പൂംപട്ട്, അത്തക്കളത്തിന് പൂതേടുമ്പോൾ, കതിര് കതിര് കതിര് കൊണ്ട്, ഓണപ്പൂവേ ഓമൽപ്പൂവേ, അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി, ഓണക്കോടി ഉടുത്തൂ മാനം എന്നിവയാണ് ഗാനങ്ങളിൽ ചിലത്. ഒപ്പം ജനമൈത്രി നാടകടീമിന്റെ കോവിഡ് ബോധവൽക്കണ സ്കിറ്റും ഉണ്ട്.

ഉദ്യോഗസ്ഥരായ മുഹമ്മദ് റാഫി പി, ആർ എസ്‌ ശ്യാം രഞ്ജ്, ആര്യാദേവി, നിമി രാധാകൃഷ്ണൻ, കെ പി ശരത് എന്നിവരാണ് മറ്റ് ഗായകർ. വി എസ്‌ രതീഷ്, ഡി പി ജോണിദേവ്, സുരേഷ്ബാബു എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ച ഓണപ്പരിപാടിയുടെ ഏകോപനം എഡിജിപി മനോജ് എബ്രഹാമാണ്‌.