Fri. Mar 29th, 2024
കൽപ്പറ്റ:

കൊവിഡ്‌ മഹാമാരിയുടെയും പ്രതികൂല കാലാവസ്ഥയുടെയും പരിമിതികൾ മറികടന്ന്‌ ജില്ലയിൽ വിനോദസഞ്ചാരമേഖല തിരിച്ചടികളിൽനിന്ന്‌ കരകയറുന്നു. 10 ദിവസം മുമ്പാണ്‌ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒന്നൊന്നായി തുറന്ന്‌ തുടങ്ങിയത്‌. ആദ്യ ദിവസങ്ങളിൽ തിരക്ക്‌ കുറഞ്ഞെങ്കിലും കഴിഞ്ഞ ഒരാഴ്‌ചയായി മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥയിലും കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതായി അധികൃതർ പറഞ്ഞു.

ആദ്യ ഡോസ്‌ സമ്പൂർണ വാക്‌സിനേഷൻ നടപ്പായത്‌ സഞ്ചാരികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ഒരുപോലെ ആത്മവിശ്വാസമേകുന്നുണ്ട്‌. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കർശന നിബന്ധനകളോടെ ആളുകളെ കയറ്റുന്നതും വിനോദസഞ്ചാരമേഖലയിലും അനുബന്ധമായും പ്രവർത്തിക്കുന്നവർക്ക്‌ കുത്തിവയ്‌പ്‌ നൽകിയതും ജില്ലക്ക്‌ നേട്ടമായി.
ബാണാസുര അണക്കെട്ട്‌ വിനോദസഞ്ചാരകേന്ദ്രമാണ്‌ അടച്ചിടൽ ഇളവുകൾ വന്നതോടെ ആദ്യം തുറന്നത്‌.

ഡിടിപിസിക്ക്‌ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും പിന്നീട്‌ തുറന്നു. വനം വകുപ്പിന്‌ കീഴിലുള്ള മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങൾ, ചെമ്പ്ര ‌പീക്ക്‌, മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയും തുറന്നതോടെ ജില്ലയിൽ വിനോദം സജീവമായി. കുറുവ ദ്വീപ്, പൂക്കോട് തടാകം, അമ്പലവയൽ പൈതൃക മ്യൂസിയം എന്നിവയാണ്‌ ഇനി തുറക്കാനുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഇവയും തുറക്കാനുള്ള നടപടികളിലേക്ക്‌ ഉടൻ കടക്കുമെന്ന്‌ അധികൃതർ പറഞ്ഞു.

വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുമ്പോഴും ജാഗ്രത പുലർത്തി കർശന കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പ്രവർത്തനം. ‌ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർ എന്നിവരെയാണ്‌ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്‌. ഒരു മാസം മുമ്പെങ്കിലും കൊവിഡ് പിടിപെട്ട് ഭേദമായ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെയും കടത്തിവിടുന്നുണ്ട്‌.