കാസർകോട്:
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് നടപടി തുടങ്ങിയെങ്കിലും സംരക്ഷിത വനത്തിന്റെ 2 കിലോമീറ്റർ പരിധിയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കിയത് കർഷകർക്കു തിരിച്ചടിയാകുന്നു. കാട്ടുപന്നികൾ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളാണ് ഈ മാനദണ്ഡ പ്രകാരം ഒഴിവാകുന്നത്. വനമേഖലയോട് ചേർന്ന രണ്ടു കിലോമീറ്റർ പ്രദേശങ്ങൾ പന്നികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പെട്ടതാണെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ.
ഇതു പ്രകാരം ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളിലെ കർഷകർക്കും ഗുണം ലഭിക്കില്ല എന്ന ആശങ്കയുണ്ട്. ജില്ലയിലെ 15ൽ ഏറെ തദ്ദേശ സ്ഥാപനങ്ങളിൽ വനമേഖലയുണ്ട്. കാസർകോട് റേഞ്ചിലെ ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, എൺമകജെ, ബെള്ളൂർ, കാഞ്ഞങ്ങാട് റേഞ്ചിലെ പനത്തടി, കള്ളാർ, ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ സംരക്ഷിത വനങ്ങൾക്കു പുറമെ വൊർക്കാടി, കുമ്പള, ബദിയടുക്ക, മൊഗ്രാൽ പുത്തൂർ, കാസർകോട് നഗരസഭ, ചെറുവത്തൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും വനമേഖലയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഇവയ്ക്കു പുറമെ വനത്തിൽ നിന്നു 2 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങളെയും ഒഴിവാക്കേണ്ടി വരും. ഏറ്റവും കൂടുതൽ കർഷകരും കാർഷിക മേഖലകളും ഉള്ള പ്രദേശങ്ങൾ കൂടിയാണിവ. കാട്ടുപന്നികളെ കൊല്ലാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച കർഷകർക്ക് അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണ് പന്നികളെ കൊല്ലാൻ വനംവകുപ്പ് നടപടി തുടങ്ങിയത്. 2 മാസത്തിനുള്ളിൽ, ഉപദ്രവകാരികളായ പന്നികളെ മുഴുവൻ വെടിവച്ചു കൊല്ലാനാണ് തീരുമാനം.
പന്നിശല്യമുള്ള സ്ഥലങ്ങൾ കണ്ടെത്താൻ എല്ലാ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരോടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പിന്റെ ദ്രുത കർമ സേനയുടെയും (ആർആർടി), ലൈസൻസ് തോക്കുള്ള കർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് പന്നികളെ കൊല്ലുക. കൊന്ന ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ വേണമെന്നാണ് നിർദേശം.