Sun. Dec 22nd, 2024
തിരൂർ:

സിൽവർ ലൈൻ റെയിൽപാതയ്ക്ക് ജില്ലയിലെ വിവിധ വില്ലേജുകളിലെ 522 ഇടങ്ങളിൽ നിന്നായി 109.94 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഓണാവധിക്കു ശേഷം തുടങ്ങിയേക്കും. ഇതിനായി സംസ്ഥാനത്ത് ആകെ 955.13 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 5 സ്ട്രെച്ചുകളായാണ് പാതയുടെ നിർമാണം പൂർത്തിയാക്കുന്നത്.

ഇതിൽ നാലാമത്തെ തൃശൂർ – കോഴിക്കോട് സ്ട്രെച്ചിലാണു ജില്ലയിലെ ഭാഗങ്ങൾ ഉൾപ്പെടുന്നത്. ഒരു വശത്ത് വികസന വാദവും മറുവശത്ത് പാർപ്പിടവും നാടും നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയും തമ്മിലുള്ള തർക്കവും ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.
കാസർകോട് നിന്ന് ട്രെയിനിൽ കയറിയാൽ 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് കാലുകുത്താം എന്നതാണ് സിൽവർ ലൈൻ റെയിൽപാതയുടെ പ്രത്യേകത.

നിലവിൽ 10 – 12 മണിക്കൂറാണ് ഇതിനായി വേണ്ടിവരുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി സ്റ്റാൻഡേഡ് ഗേജ് പാളങ്ങളാണ് ഇതിനായി തയാറാക്കുന്നത്. ബ്രോഡ്ഗേജിൽ ഉപയോഗിക്കാവുന്നതിനേക്കാൾ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നതാണ് സ്റ്റാൻഡേഡ് ഗേജ് തിരഞ്ഞെടുക്കാനുള്ള കാരണം. മണിക്കൂറിൽ 200 കിലോമീറ്റർ സ്പീഡിലാണ് ഈ പാതയിലൂടെ ട്രെയിൻ പായുക.

ഇതിനായി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (എമു) മാതൃകയിലുള്ള പ്രത്യേക വണ്ടിയെത്തും. ഒരു സമയം 675 പേർക്ക് യാത്ര ചെയ്യാം. 63,940.67 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിയുടെ പൂർത്തീകരണത്തിനായി തയാറാക്കിയിരിക്കുന്നത്. ജില്ലയിൽ തിരൂരാണ് ഏക റെയിൽവേ സ്റ്റേഷൻ.

പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ താലൂക്കുകളിലെ 15 വില്ലേജുകളിലെ 522 ദേശങ്ങളിൽ നിന്നാണ് ഈ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്. പൊന്നാനി താലൂക്കിലെ 192 ഇടത്തെ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ തിരൂർ താലൂക്കിൽ നിന്ന് 205 ഇടത്തു നിന്നുള്ള ഭൂമി വേണ്ടി വരുന്നുണ്ട്. മുൻപു തന്നെ പാത പോകുന്ന സ്ഥലങ്ങളുടെ സർവേ അധികൃതർ പൂർത്തിയാക്കിയിരുന്നു.

ഭൂമി ഏറ്റെടുക്കാൻ അടുത്ത ആഴ്ച ജില്ലയിൽ സ്പെഷൽ തഹസിൽദാർ ഓഫിസ്‍ ആരംഭിക്കും. 18 ജീവനക്കാരെയാണ് ഇതിനായി നിയമിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് പ്രാഥമിക നടപടികൾക്കുമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്ന് കടം എടുത്തിട്ടുണ്ട്.

ഒരു വശത്ത് സിൽവർ ലൈനിലൂടെ ചീറിപ്പായുന്ന ട്രെയിൻ സ്വപ്നം കാണുന്നവരും മറുവശത്ത് ഉറക്കം നഷ്ടപ്പെട്ട നാടുകളും. പദ്ധതിയെ ഇങ്ങനെയും വിശേഷിപ്പിക്കാം. സ്ഥലം മാത്രം നഷ്ടപ്പെടുന്നവർക്ക് ചെറുതായെങ്കിലും ആശ്വസിക്കാം. എന്നാൽ കിടപ്പാടവും പോയാലോ.

തിരുനാവായ സൗത്ത് പല്ലാറിലെ ജനങ്ങളുടെ ആശങ്കയ്ക്കു കാരണം ഇതാണ്. ഇവിടെ പാത പോകുന്ന സ്ഥലത്ത് ഒട്ടേറെ വീടുകൾ നഷ്ടപ്പെട്ടേക്കും. നിലവിലെ ഇന്ത്യൻ റെയിൽവേയുടെ പാളങ്ങൾ ഒരിക്കൽ രണ്ടാക്കിയ ഗ്രാമം ഇനിയും കീറിമുറിക്കപ്പെടുമെന്ന സങ്കടവും ഇവിടെയുള്ളവർക്കുണ്ട്.