Mon. Dec 23rd, 2024
കോഴിക്കോട്:

കൊവിഡ് ബാധിതരായ വിദ്യാർത്ഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾ. ഇതിനാൽ ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വിദ്യാർത്ഥികളുള്ളത്.കൊവിഡ് രോഗബാധിതരായതിനാൽ ബിരുദ പരീക്ഷ എഴുതാനാകാതെ പോയ വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

നവംബറിൽ മാറ്റിവച്ച നാലാം സെമസ്റ്ററിലെ പരീക്ഷ ആറാം സെമസ്റ്റർ ഫലം പുറത്തുവന്നിട്ടും നടത്തിയില്ല. ആഗസ്റ്റ് 11 മുതലാണ് കൊവിഡ് രോഗികൾക്കും പരീക്ഷയെഴുതാൻ സർക്കാർ അനുമതി നൽകിയത്.എന്നാൽ, കാലിക്കറ്റ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഇതേക്കുറിച്ചുള്ള ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കൊവിഡ് ബാധിച്ചതിനാൽ നഷ്ടപ്പെട്ട പരീക്ഷകൾ പ്രത്യേകമായി നടത്താനുള്ള ഷെഡ്യൂൾ തയാറായി വരികയാണെന്നു മാത്രമാണ് സർവകലാശാലയെ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന പ്രതികരണം. പരീക്ഷാതിയതിയെക്കുറിച്ചോ ഫലം എന്നു വരുമെന്നതിനെക്കുറിച്ചോ ഒരുതരത്തിലുമുള്ള ഉറപ്പും സർവകലാശാലയ്ക്ക് നൽകാനാകുന്നില്ല.കേന്ദ്ര സർവകലാശാലയുടെ എൻട്രൻസിനായി പരിശീലനം നടത്തിയിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ ആശങ്കയിലാണ്.

കൂടെപ്പഠിച്ചവരെല്ലാം കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിന് പോകുമ്പോൾ നോക്കിനിൽക്കേണ്ട സ്ഥിതിയിലാണ് ഇവർ. കാലിക്കറ്റിലെ പിജി പ്രവേശനത്തിന് മുൻപെങ്കിലും പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ഇപ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.