കല്പറ്റ:
കൈവശഭൂമിയുടെ ഉടമാവകാശം തിരികെ ലഭിക്കാതെ ഇരുളം അങ്ങാടിശേരിയില്‍ 31 കുടുംബങ്ങള്‍. ഇരുളം വില്ലേജില്‍ 160/2/ എ1എ1 സര്‍വേ നമ്പറിൽപെട്ടതില് 22.25 ഏക്കര്‍ ഭൂമി പതിറ്റാണ്ടുകളായി കൈവശംവെക്കുന്ന കുടുംബങ്ങളാണ് ഉടമാവകാശ നിഷേധം നേരിടുന്നത്.ലാന്‍ഡ് ട്രൈബ്യൂണല്‍ 1982ല്‍ അനുവദിച്ച ക്രയസര്ട്ടിഫിക്കറ്റുകളില് പത്തെണ്ണം കുടിയായ്മയില്ലെന്ന കാരണം പറഞ്ഞ് കണ്ണൂര്‍ അപ്ലേറ്റ് അതോറിറ്റി റദ്ദാക്കിയതാണ് കുടുംബങ്ങള്‍ക്കു വിനയായത്.
തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമീഷണര്‍ 2000 നവംബര്‍ 26നു നല്കിയ നിര്‍ദേശപ്രകാരം ജില്ല കലക്ടര്‍ കണ്ണൂര്‍ അപ്ലേറ്റ് അതോറിറ്റിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് ക്രയസര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുന്നതിനു ഇടയാക്കിയത്. ക്രയസര്‍ട്ടിഫിക്കറ്റുകള്‍ ദുര്‍ബലപ്പെടുത്തണമെന്ന ലാന്‍ഡ് റവന്യൂ കമീഷണറുടെ നിര്‍ദേശം ഭൂമി സംബന്ധമായി അന്വേഷണം നടത്താതെയായിരുന്നുവെന്നു കൈവശക്കാര്‍ പറയുന്നു.ബത്തേരി സബ് രജിസ്ട്രാറോഫിസിലെ 1971 ജനുവരി 27ലെ 236/71 നമ്പര്‍ ആധാരപ്രകാരം ബോംബെ ബര്‍മ ട്രേഡിങ് കോര്‍പറേഷനില്‍നിന്നു പി രാഘവന്, വി അഗസ്റ്റിന് എന്നിവര്‍ ഹൈലാന്‍ഡ് പ്ലാൻറെഷന്സിനുവേണ്ടി വാങ്ങിയ 100 ഏക്കറിൽപെട്ടതാണ് ഉടമാവകാശ നിഷേധം നേരിടുന്ന കൈവശ കുടുംബങ്ങളുടെ പക്കലുള്ള ഭൂമി.
കോര്‍പറേഷനില്‍നിന്നു വാങ്ങിയതില്‍ 46 ഏക്കര്‍ രാഘവന് 15 പേര്‍ക്കു പാട്ടത്തിനു നല്കി. ഇവരില്‍നിന്നു 1970-71 മുതല്‍ നികുതി സ്വീകരിച്ചുവരുന്നതായി ബത്തേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് രേഖകളിലുണ്ട്. കൈവശക്കാര്‍ പിന്നീട് ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്നു ക്രയസര്‍ട്ടിഫിക്കറ്റും സമ്പാദിച്ചു.
ഇതില്‍ പത്തെണ്ണമാണ് കണ്ണൂര്‍ അപ്ലേറ്റ് അതോറിറ്റി റദ്ദാക്കിയത്.ലാന്‍ഡ് ട്രൈബ്യൂണല്‍ നിയമാനുസൃതം അന്വേഷണം നടത്തി അനുവദിച്ചാണ് റദ്ദാക്കിയ ക്രയസര്‍ട്ടിഫിക്കറ്റുകള്‍. ഇവയില്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ 30ലധികം കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലം.
കൈവശക്കാര്‍ ഫയല്‍ ചെയ്ത സിവില്‍ റിവിഷന്‍ പെറ്റീഷനുകൾ അപ്ലേറ്റ് അതോറിറ്റി ഉത്തരവ് 2007 ജൂലൈ 27നു ഹൈകോടതി റദ്ദാക്കി.
അപ്പീല്‍ പുനഃപരിശോധിച്ചു തീര്പ്പുകല്പിക്കാനും കോടതി ഉത്തരവായി. ഇതനുസരിച്ച് അപ്ലേറ്റ് അതോറിറ്റി മാനന്തവാടി ലാന്ഡ്ട്രൈബ്യൂണലിനു വിട്ട എസ്എം സി കേസുകള്‍ വര്‍ഷങ്ങളായി തീര്‍പ്പുകാത്തുകിടക്കുകയാണ്. കൈവശക്കാരുടെ പക്കലുള്ളത് റവന്യൂ ഭൂമിയോ, മിച്ചഭൂമിയോ നിക്ഷിപ്ത വനമോ അല്ല. ഇക്കാര്യം വനം, റവന്യൂ വകുപ്പുകളുടെ പരിശോധനയില്‍ നേരത്തേ വ്യക്തമായതാണ്.
ഭൂമിയില്‍ വനം വകുപ്പ് ഇതുവരെ അവകാശവാദം ഉന്നിയിച്ചിട്ടുമില്ല. കൈവശക്കാരില്‍നിന്നു 2005നുശേഷം ഭൂനികുതി സ്വീകരിക്കുന്നില്ല.നികുതിശീട്ടിെൻറ അഭാവത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്കുകളില്‍നിന്നു വായ്പയും ലഭിക്കുന്നില്ല.മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍നിന്നു അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു കൈവശക്കാരായ കൊല്ലിയില്‍ ജോര്‍ജ്, വി കെ മത്തായി എന്നിവര്‍ പറഞ്ഞു.