Mon. Dec 23rd, 2024
ഏറ്റുമാനൂര്‍:

കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ആശുപത്രി കെട്ടിടത്തിൻ്റെ ജനലുകളും കോവിഡ് പരിശോധനയ്ക്കായുള്ള കിയോസ്കും അടിച്ചുതകര്‍ത്ത നിലയിലാണ്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ട കോവിഡ് പരിശോധന ഭാഗികമായി മുടങ്ങി.

ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. കളത്തൂരില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിക്കായി നിലവിലെ കെട്ടിടത്തോട് ചേര്‍ന്ന് പുതുതായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് കോവിഡ് പരിശോധനാകേന്ദ്രം താത്ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. രാവിലെ എത്തി പരിശോധിച്ചപ്പോഴാണ് പുതുതായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍റെ ജനലുകളും കോവിഡ് പരിശോധനാ കിയോസ്കും തകര്‍ത്ത നിലയില്‍ കണ്ടെത്തിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ അര്‍ജുന്‍ പറയുന്നു.

ഇതോടെ വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ രോഗികളെയ പരിശോധിക്കേണ്ട അവസ്ഥയാണ് സംജാതമായത്. ആശുപത്രി അധികൃതരും കാണക്കാരി ഗ്രാമപഞ്ചായത്ത് അധികൃതരും നല്‍കിയ പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.