Mon. Dec 23rd, 2024
റാന്നി:

തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾക്കു കീഴിൽ മാലിന്യം തള്ളുന്നു. അങ്ങാടി പഞ്ചായത്തിലെ പുളിമുക്ക് തോട്ടിലാണ് ദിവസമെന്നോണം മാലിന്യത്തിന്റെ തോത് ഉയരുന്നത്. റാന്നി–വെണ്ണിക്കുളം റോഡിനോടു ചേർന്ന് ഒഴുകുന്ന തോടാണിത്. പമ്പാനദിയിലാണ് സംഗമിക്കുന്നത്.

ചില ദിവസങ്ങളിൽ കോഴിയുടെയും മീനിന്റെയും അവശിഷ്ടങ്ങളും തോട്ടിൽ കാണും. പുളിമുക്ക് ജംക്‌ഷനിലെ അധികം വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ ചെറുകിട ലോഡ്ജുകളിലും മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ല. മഴക്കാലത്ത് മാലിന്യം ഒഴുകിയെത്തുന്നത് പമ്പാനദിയിലാണ്. പുളിമുക്കിലും പരിസരത്തുമുള്ള ചെറുകിട ലോഡ്ജുകളിൽ അതിഥിത്തൊഴിലാളികളാണ് താമസിക്കുന്നത്.

മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനമില്ല. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനാണ് തോടിന്റെ കരയിൽ 2 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ഇതുകൊണ്ട് പ്രയോജനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ അടിയന്തര ഇടപെടലാണ് ഇതിനാവശ്യം. റോഡിൽ നിന്ന് തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുകയാണ്.