Sat. Jan 18th, 2025
മൂന്നാർ:

പ്രധാനമന്ത്രിയുടെ ശ്രംദേവി പുരസ്കാര നേട്ടത്തിലൂടെ തോട്ടം മേഖലയ്ക്ക് അഭിമാനമായി തോട്ടം തൊഴിലാളികളായ വൈ മഹേശ്വരിയും (48) പി രാജകുമാരിയും (37). തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് നൽകുന്നതാണ്‌ ശ്രം ദേവി പുരസ്കാരം. 2018-19 വർഷത്തെ അവാർഡാണ് ഇവരെ തേടിയെത്തിയത്‌.

കെഡിഎച്ച് കമ്പനി ചെണ്ടുവര എസ്റ്റേറ്റിൽ ഭർത്താവ് യേശു രാജനൊപ്പമാണ് മഹേശ്വരി താമസിക്കുന്നത്. 1993 മുതൽ മഹേശ്വരിക്ക്‌ കൊളുന്ത് നുള്ളുന്ന ജോലിയാണ്. പ്രതിദിനം 98.77 കി ഗ്രാം കൊളുന്താണ് ഇവർ നുള്ളിയെടുത്തിരുന്നത്. തോട്ടത്തിലെ പണിക്ക് ശേഷം പശു വളർത്തൽ, പച്ചക്കറി കൃഷിയിലും വ്യാപ്യതയായിരുന്നു മഹേശ്വരി. 96.35 ശരാശരി ഹാജർ നിലവാരം.

2012 മുതൽ കെഡിഎച്ച്പി കമ്പനി നയമക്കാട് എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയാണ് പി രാജകുമാരി (37). പ്രതിദിനം 97.87 കി. ഗ്രാം പച്ചക്കൊള്ളുന്ത് നുള്ളിയതിനെ തുടർന്നാണ് അവാർഡിനായുള്ള പരിഗണനപ്പട്ടികയിൽ ഇടം നേടിയത്. ലയത്തിനോട് ചേർന്ന് പച്ചക്കറി കൃഷിയും നടത്തുന്നു.

പരിസ്ഥിതി പ്രവർത്തകയും കൂടിയായ ഇവർ മരത്തൈകൾ വച്ചു പിടിപ്പിക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. പാണ്ഡ്യരാജാണ്‌ ഭർത്താവ്‌. കേരളത്തിൽ സ്വകാര്യ മേഖലയിൽ നിന്നും ഇവർ രണ്ട് പേർ മാത്രമാണ് ശ്രം ദേവി പുരസ്കാരത്തിന് അർഹത നേടിയത്. 40000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.